പാലക്കാട് : പാലക്കയം ജങ്ഷനിൽ വീടുകളിലും കടകളിലും വെള്ളം കയറി. ഉച്ചയ്ക്ക് ശേഷം പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. പിന്നാലെ വന മേഖലയിൽ ഉരുൾപൊട്ടി. ഇതോടെയാണ് ജനവാസ മേഖലയിലേക്ക് വെള്ളം ഇരച്ചെത്തിയത്.
മീൻവെല്ലം പുഴ കര കവിഞ്ഞൊഴുകി. പുഴയുടെ സമീപത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പുണ്ട്.
ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നാണ് ജില്ലാ ഭരണം കൂടം വ്യക്തമാക്കിയത്. ജനങ്ങൾ ജാഗ്രതയോടെ ഇരിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. വില്ലേജ് ഓഫീസറും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.
പാലക്കയം മേഖലയിലെ ഭൂമിയുടെ സവിശേഷതയും ഇത്തരത്തിൽ വെള്ളം കയറുന്ന സാഹചര്യം സൃഷ്ടിക്കുന്നു. മണ്ണാർക്കാട്, കല്ലടിക്കോട് പ്രദേശങ്ങളിലും കനത്ത മഴ പെയ്തു.
ജല നിരപ്പു കൂടുന്നതിനാൽ കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയേക്കും. മൂന്ന് ഷട്ടറുകൾ 60-70 സെന്റി മീറ്ററോളം ഉയർത്താൻ സാധ്യതയുണ്ടെന്നു എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കാഞ്ഞിരപ്പുഴ, മണ്ണാർക്കാട്, നെല്ലിപ്പുഴ, കുന്തിപ്പുഴ, തൂതപ്പുഴ ഭാഗത്തുള്ളവർ ജാഗ്രത പാലിക്കണം.