തിരുവനന്തപുരം : ജൂണിലെ മഴക്കുറവിന്റെ കണക്കുതീർത്ത് കഴിഞ്ഞ അഞ്ചു ദിവസത്തിൽ സംസ്ഥാനത്ത് പെയ്തിറങ്ങിയത് 292 മില്ലിമീറ്റർ മഴ. കാസർകോട് (511.9), കണ്ണൂർ (457.7), എറണാകുളം (342.9), കോഴിക്കോട് (339.2), പത്തനംതിട്ട (322.9) എന്നിവിടങ്ങളിലാണ് കൂടുതൽ മഴ ലഭിച്ചത്. കുറവ് തിരുവനന്തപുരത്തും (120.8).
ഇടുക്കിയിൽ
20.36 ശതമാനം
കാലവർഷം ശക്തിപ്രാപിച്ചതോടെ ഇടുക്കിയിൽ ജലനിരപ്പ് ഉയരാൻ തുടങ്ങി. ദിവസവും മൂന്നടി വീതമാണ് ഉയരുന്നത്. വെള്ളിയാഴ്ച 2316.08 അടിയിലെത്തി. വ്യാഴം 2313.36 ആയിരുന്നു. സംഭരണിയിൽ ശേഷിയുടെ 20.36 ശതമാനം വെള്ളമുണ്ട്. കഴിഞ്ഞവർഷം ഇതേദിവസം 45.19 ശതമാനമായിരുന്നു. പദ്ധതി പ്രദേശങ്ങളിൽ 60 മി.മീറ്റർ മഴ പെയ്തു. മൂലമറ്റത്ത് വൈദ്യുതോൽപ്പാദനം 21.98 ലക്ഷം യൂണിറ്റാണ്.
95.96 കോടി രൂപയുടെ കൃഷിനാശം
സംസ്ഥാനത്ത് നിലവിൽ 203 ദുരിതാശ്വാസ ക്യാമ്പിലായി 2340 കുടുംബത്തിലെ 7844 പേരാണുള്ളത്. പത്തനംതിട്ട (70), കോട്ടയം (69), ആലപ്പുഴ (39) എന്നിവിടങ്ങളിലാണ് കൂടുതൽ ക്യാമ്പുകൾ. 32 വീട് പൂർണമായും 642 വീട് ഭാഗികമായും തകർന്നു. സംസ്ഥാനത്താകെ 8898.95 ഹെക്ടറിലെ കൃഷി നശിച്ചതായാണ് പ്രാഥമിക കണക്ക്. 95.96 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. 39,031 കർഷകരെ ബാധിച്ചു.