തൊടുപുഴ : ഇടുക്കി പന്നിയാർകുട്ടിയിൽ വേനൽമഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ വൻ നാശനഷ്ടം. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടി തുടങ്ങിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശി. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പന്നിയാർകുട്ടി കൊള്ളിമല സെന്റ് മേരീസ് യുപി സ്കൂളിൽ 400 ഓളം ഓടുകൾ പറന്നു പോയി. പുറത്തിട്ടിരുന്ന കസേരകളും, ബെഞ്ചുകളും കാറ്റിൽ തകർന്നു. ഉച്ചഭക്ഷണത്തിന് പിരിഞ്ഞ സമയത്താണ് കാറ്റു വീശിയത്.
കുട്ടികളെ സമീപത്തെ കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റിയതിനാൽ ആളപായമുണ്ടായില്ല. ശക്തമായ കാറ്റിലും മഴയിലും പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണ്ണമായി വിഛേദിക്കപ്പെട്ടു. മരങ്ങൾ കടപുഴകി വീണും ശിഖരങ്ങൾ ഒടിഞ്ഞു വീണും വ്യാപക കൃഷിനാശവുമുണ്ടായതായി നാട്ടുകാര് പറയുന്നു.
പള്ളിയ്ക്ക് സമീപത്തുള്ള വീടിന് മുകളിൽ മാവ് ഒടിഞ്ഞ് വീണ് വീട് പൂർണ്ണമായി തകർന്നു വീട്ടുപകരണങ്ങളും നശിച്ചു. പ്രദേശവാസികളുടെ പുരയിടത്തിലുണ്ടായിരുന്ന മാവ്, ജാതി, റബർ, ഞാവൽ എന്നിവയെല്ലാം ഒടിഞ്ഞു വീണ് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.