ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് പെയ്ത റെക്കോഡ് മഴ നാശം വിതക്കുന്നു.ഇന്നലെ വൈകീട്ടാണ് ഡൽഹിയിൽ കനത്ത മഴ പെയ്തത്. നഗരത്തിൻ്റെ മിക്ക ഭാഗങ്ങളും വെള്ളത്തിലാവുകയും ഗതാഗതത്തെ സാരമായി ബാധിക്കുകയും ചെയ്തു. ഡൽഹിയിൽ അഞ്ച് പേരും ഗുരുഗ്രാമിൽ മൂന്ന് പേരും ഗ്രേറ്റർ നോയിഡയിൽ രണ്ട് പേരും അടക്കം മഴക്കെടുതിയിൽ 10 പേർ മരിച്ചു. കനത്ത മഴയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന പത്തോളം വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഇതിൽ എട്ട് വിമാനങ്ങൾ ജയ്പൂരിലേക്കും രണ്ടെണ്ണം ലഖ്നൗവിലേക്കും തിരിച്ചുവിട്ടു.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഡൽഹിയിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. പുതിയ മുന്നറിയിപ്പ് പ്രകാരം ഇടിമിന്നലിൻ്റെയും മിന്നലിൻ്റെയും അകമ്പടിയോടെയുള്ള കനത്ത മഴ ഡൽഹിയിൽ ഓഗസ്റ്റ് 5 വരെ തുടരും. ദേശീയ തലസ്ഥാനത്തെ പ്രാഥമിക കാലാവസ്ഥാ കേന്ദ്രമായ സഫ്ദർജംഗിൽ വൈകിട്ട് 5.30 നും 8.30 നും ഇടയിൽ 79.2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. മയൂർ വിഹാറിൽ 119 മില്ലീമീറ്ററും പൂസയിൽ 66.5 മില്ലീമീറ്ററും ഡൽഹി യൂണിവേഴ്സിറ്റിയിൽ 77.5 മില്ലീമീറ്ററും പാലം ഒബ്സർവേറ്ററിയിൽ 43.7 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. ഡൽഹിയിലെ ഏറ്റവും കൂടിയ താപനില 37.8 ഡിഗ്രി സെൽഷ്യസാണ്.
തലസ്ഥാനത്ത് ഗതാഗതക്കുരുക്ക്
കനത്ത മഴയെത്തുടർന്ന് ഡൽഹി-എൻസിആറിൻ്റെ പല പ്രധാന ഭാഗങ്ങളും വെള്ളത്തിനടിയിലായി, അടിപ്പാതകൾ വെള്ളത്തിനടിയിലായതായി ദൃശ്യങ്ങൾ കാണിക്കുന്നു. ലുട്ടിയൻസിൻ്റെ ഡൽഹിയിലും നോയിഡ, ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ് എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം പ്രത്യേകിച്ചും താറുമാറായിരുന്നു.കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ബേസ്മെൻ്റിൽ വെള്ളം കയറി മൂന്ന് യുപിഎസ്സി ഉദ്യോഗാർത്ഥികൾ മരിച്ച സംഭവത്തിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ച പഴയ രജീന്ദർ നഗർ മുട്ടോളം വെള്ളത്തിനടിയിലാണ്. സെൻട്രൽ ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ നിരവധി ഷോറൂമുകളിലും റസ്റ്റോറൻ്റുകളിലും വെള്ളം കയറി..
ഡൽഹിയിൽ വെള്ളക്കെട്ടുള്ള അഴുക്കുചാലിൽ തെന്നിവീണ് ഒരു സ്ത്രീയും കുഞ്ഞും മുങ്ങിമരിച്ചു. തനൂജയും (22) മൂന്ന് വയസ്സുള്ള മകനും ആഴ്ചച്ചന്തയിൽ നിന്ന് വീട്ടുപകരണങ്ങൾ വാങ്ങാൻ പോയപ്പോൾ വെള്ളക്കെട്ടുള്ള ഓടയിൽ വീണു മുങ്ങിമരിച്ചുവെന്ന് പൊലീസ് പറഞ്ഞു. കിഴക്കൻ ഡൽഹിയിലെ ഗാസിപൂർ മേഖലയിലാണ് സംഭവം.ആറടി വീതിയിൽ 15 അടി താഴ്ചയുള്ള ഓടയുടെ നിർമാണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. അമ്മയുടെയും മകൻ്റെയും മൃതദേഹങ്ങൾ കണ്ടെടുത്തു, തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് കൂട്ടിച്ചേർത്തു.കനത്ത മഴയിൽ വീട് തകർന്ന് വീണ് ഒരാൾ കൂടി ബുധനാഴ്ച രണ്ട് പേർ മരിച്ചു. ബിന്ദാപൂർ ഏരിയയിൽ, ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 12 വയസുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഗുരുഗ്രാമിൽ കനത്ത മഴയെ തുടർന്ന് ഹൈ ടെൻഷൻ കമ്പിയിൽ തട്ടി മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഗ്രേറ്റർ നോയിഡയിൽ ദാദ്രി മേഖലയിൽ മതിൽ ഇടിഞ്ഞുവീണ് രണ്ട് പേർ മരിച്ചു.