തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യത. മലയോര മേഖലകളിൽ കൂടുതൽ മഴ പെയ്യും. കേരള – കർണാടക തീരത്തും, ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് അധികൃതർ അറിയിച്ചു.
തെക്ക് പടിഞ്ഞാറൻ, മദ്ധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്. തെക്കൻ ബംഗാൾ ഉൾക്കടൽ, മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
അടുത്ത 72 മണിക്കൂറിനുള്ളിൽ ഇരട്ട ന്യൂനമർദ്ദത്താൽ തെക്കേ ഇന്ത്യയ്ക്കു മുകളിൽ തുലാവർഷം എത്തിച്ചേരാൻ സാദ്ധ്യതയുണ്ടെന്നും തുടക്കം ദുർബലമായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബിക്കടലിലെ ന്യൂനമർദ്ദം 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്, വടക്കു പടിഞ്ഞാറ് ദിശകളിലേക്ക് നീങ്ങി ശക്തി കൂടിയ ന്യൂനമർദ്ദമാവും. നാളെ വീണ്ടും ശക്തി പ്രാപിച്ച് തെക്കുപടിഞ്ഞാറൻ അറബിക്കടലിനും മദ്ധ്യ പടിഞ്ഞാറൻ അറബിക്കടലിനും മുകളിലായി തീവ്ര ന്യൂനമർദ്ദമായി മാറാൻ സാദ്ധ്യതയുണ്ട്.