തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, വയനാട്, കോട്ടയം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമാകണം. സ്കൂളുകളില്‍ സ്പെഷല്‍ ക്ലാസുകള്‍ വയ്ക്കരുതെന്നും അതതു ജില്ലകളിലെ കലക്ടര്‍മാര്‍ ഉത്തരവിട്ടു. വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട്
കനത്ത മഴ തുടരുന്നതിനാല്‍ ഇന്ന് (മെയ് 27) കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും. ജില്ലാ കലക്ടറാണ് അവധി പ്രഖ്യാപിച്ചത്.
കണ്ണൂര്‍
കണ്ണൂര്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് ഇന്ന് (27/05/2025, ചൊവ്വാഴ്ച്ച) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടി ജീവനക്കാര്‍ക്ക് അവധി ബാധകമല്ല.
വയനാട്
വയനാട് ജില്ലയില്‍ ഇന്ന് (27-05-2025) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ട്യൂഷന് സെന്ററുകള്‍, മദ്രസകള്‍,അങ്കണവാടികള്‍,പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ല.
കോട്ടയം
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്നതിനാലും ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍, അവധിക്കാല ക്ലാസുകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്യൂഷന് സെന്ററുകള്‍, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങള്‍/ സ്ഥാപനങ്ങള്‍, മതപാഠശാലകള്‍ എന്നിവയ്ക്ക് 2025 മെയ് 27 ന് അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.