തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ കാലവർഷം ശക്തിപ്രാപിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ടെന്ന് നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ആറ് ജില്ലകളിൽ വിവിധ ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ തിങ്കളാഴ്ച ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ചൊവ്വാഴ്ച ഓറഞ്ച് അലർട്ടും തിരുവനന്തപുരം ഒഴികെയുള്ള മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും ചൊവ്വാഴ്ച വരെ കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലെ പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.