തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്നറിയിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പിലുണ്ട്.
വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിലുണ്ട്. എന്നാൽ ഒരു ജില്ലയിലും മഴ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിൽ ഇന്നലെ കനത്ത മഴ രേഖപ്പെടുത്തി. വൈകിട്ട് 5.30 ഓടെ തുടങ്ങിയ മഴ രാത്രിയും തുടർന്നു. മലയോര മേഖലകളായ താമരശേരി, കുറ്റ്യാടി എന്നിവടങ്ങളിലാണ് കൂടുതൽ മഴ ലഭിച്ചത്.