തൃശൂർ : കേരളത്തിൽ കാലവർഷം ശക്തമായി തുടരുന്നു. 8.45 സെന്റിമീറ്റർ മഴയാണ് ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ സംസ്ഥാനത്താകെ പെയ്തത്. 22 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത ദിവസങ്ങളിൽ തെക്കൻ ചൈന കടലിലും വിയറ്റ്നാമിനും മുകളിലുള്ള ന്യൂനമർദം ബംഗാൾ ഉൾക്കടലിൽ പ്രവേശിക്കും. ഇത് 19 ന് പുതിയൊരു ന്യൂനമർദമായി മാറും.
ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞ സമയം കൊണ്ട് കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദേശമുണ്ട്.