ന്യൂഡല്‍ഹി : ഉത്തരേന്ത്യയില്‍ അതി ശൈത്യത്തെത്തുടര്‍ന്ന് ഡല്‍ഹി ഉള്‍പ്പെടെയുള്ള മിക്ക സംസ്ഥാനങ്ങളിലും കനത്ത മൂടല്‍മഞ്ഞ്. ഇരുന്നൂറിലധികം വിമാനങ്ങള്‍ വൈകി. ട്രെയിന്‍ സര്‍വീസും താളം തെറ്റിയ നിലയിലാണ്. റോഡ് ഗതാഗതത്തെയും സാരമായി ബാധിച്ചു. ഹരിയാനയിലുണ്ടായ വാഹനപകടത്തില്‍ നാല് പേര് മരിച്ചു.
250 വിമാനങ്ങളാണ് വൈകിയത്. 40 ഓളം വിമാനങ്ങളുടെ സര്‍വീസുകള്‍ റദ്ദാക്കി. പുലര്‍ച്ചെ 12.15നും 1.30 ഇടയില്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് 15 വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു.
കനത്ത മൂടല്‍മഞ്ഞ് കാരണം വിമാന സര്‍വീസുകളെ എല്ലാം തന്നെ സാരമായി ബാധിച്ച അവസ്ഥയാണ്. അപ്ഡേറ്റ് വിവരങ്ങള്‍ക്കായി യാത്രക്കാര്‍ ബന്ധപ്പെട്ട എയര്‍ലൈനുമായി ബന്ധപ്പെടണമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. കൊല്‍ക്കത്തയില്‍ 40 വിമാന സര്‍വീസുകള്‍ വൈകുകയും അഞ്ചെണ്ണം റദ്ദാക്കുകയും ചെയ്തു. ചണ്ഡീഗഡ്, അമൃത്സര്‍, ആഗ്ര, ഉത്തരേന്ത്യയിലെ മറ്റ് വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലും സമാനമായ അവസ്ഥയാണ്.
മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് റോഡ് ഗതാഗതം വളരെ ബുദ്ധിമുട്ടാണ്. ഹരിയാനയിലെ ഹിസാറില്‍ മൂടല്‍മഞ്ഞിനെത്തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ നാല് പേര് മരിച്ചു. ഡല്‍ഹി, നോയിഡ, ഗുരുഗ്രാം, ലഖ്നൗ, ആഗ്ര, കര്‍ണാല്‍, ഗാസിയാബാദ്, അമൃത്സര്‍, ജയ്പൂര്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ വാഹനങ്ങള്‍ വേഗം കുറച്ചാണ് സഞ്ചരിച്ചത്.
പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ബിഹാര്‍, പശ്ചിമബംഗാള്‍, മധ്യപ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങളിലും കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. വരും ദിവസങ്ങളിലും സമാനമായ സാഹചര്യം ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്കുന്ന സൂചന. ഡല്‍ഹിയില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.