തിരുവനന്തപുരം : സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ്. പന്ത്രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഏപ്രിൽ 12വരെയാണ് യെല്ലോ അലർട്ട്. പാലക്കാട്, കൊല്ലം ജില്ലകളിൽ കനത്ത ചൂട് അനുഭവപ്പെടും. മുന്നറിയിപ്പുള്ള ജില്ലകളിൽ താപനില സാധാരണയെക്കാൾ 2 – 4 °C കൂടുതൽ രേഖപ്പെടുത്തുമെന്നാണ് പ്രവചനം.
പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയും, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39°C വരെയും തൃശൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, കണ്ണൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ ഉണ്ടായേക്കാം. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.