തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാഴാഴ്ചയും പകൽച്ചൂട് ക്രമാതീതമായി വർധിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു.പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, തൃശൂർ, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വ്യാഴാഴ്ച വരെ കടുത്ത ചൂടിനാണ് സാധ്യത. ഒന്നാംഘട്ട അലർട്ടായ യെല്ലോ അലർട്ടാണ് ഇവിടങ്ങളിൽ പുറപ്പെടുവിച്ചിരിക്കുന്നത്.
പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും, കോട്ടയം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയേക്കാൾ രണ്ടുമുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്കി. കഴിഞ്ഞ ദിവസങ്ങളിലും ഇത്തരത്തിൽ താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെ ആരോഗ്യവകുപ്പ് അടക്കം ചില മാർഗനിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. സൂര്യാഘാതത്തിനുള്ള സാധ്യത കൂടുതലായതിനാൽ പകൽസമയങ്ങളിൽ 11 മുതൽ മൂന്നുവരെ പുറത്തു കഴിയുന്നത് കഴിവതും ഒഴിവാക്കണമെന്നും നിർദേശം നല്‍കിയിരുന്നു.