തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യത. വടക്കൻ ജില്ലകളിൽ നേരിയ മഴയും ലഭിക്കും. തെക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ മഴ ശക്തമാകും. ഇടിമിന്നലിനും സാദ്ധ്യത.
കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ മത്സ്യബന്ധനം പാടില്ല. അടുത്ത മൂന്നു ദിവസം പാലക്കാട് ജില്ലയിൽ 40 ഡിഗ്രി വരെയും തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി വരെയും കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, കാസർകോട് ജില്ലകളിൽ 37ഡിഗ്രി വരെയും താപനില ഉയരും.