കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയ മുടങ്ങി. ഉപകരണങ്ങൾ നൽകുന്ന കമ്പനിക്ക് സർക്കാർ പണം നൽകാത്തതാണ് ശസ്ത്രക്രിയ മുടങ്ങാൻ കാരണമെന്നാണ് ആക്ഷേപം. ഇതോടെ നിരവധി രോഗികൾ ശസ്ത്രക്രിയ ചെയ്യാൻ കഴിയാതെ ദുരിതത്തിലാണ്
60 വർഷമായി കലാ രംഗത്ത് സജീവമായ കെഎംകെ വെള്ളയിൽ നിരവധി തവണയാണ് ഹൃദയ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ പോയി മടങ്ങിയത്. ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനിക്ക് സർക്കാർ നൽകാനുള്ള പണം നൽകിയാൽ മാത്രമേ കമ്പനി സ്റ്റന്റ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വിതരണം ചെയ്യു. ഇതിനുശേഷമേ ശസ്ത്രക്രിയ നടത്താനാകും എന്നാണ് ഡോക്ടർമാർ അറിയിച്ചത്.
ഇതോടെ ഇനി ശസ്ത്രക്രിയ എന്നു നടക്കുമെന്ന് അറിയാതെ കാത്തിരിക്കുകയാണ് ഇദ്ദേഹം. ഹൃദയസംബന്ധമായ അസുഖവുമായി എത്തുന്ന രോഗികൾക്ക് എത്രയും വേഗത്തിൽ തന്നെ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. എന്നാൽ ഉപകരണങ്ങളും മരുന്നുകളും ഇല്ലാതായതോടെ ഏറ്റവും അത്യാവശ്യമായി വരുന്ന ശസ്ത്രക്രിയകൾ മാത്രം നടത്തി. മറ്റുള്ളവരെല്ലാം മടക്കി അയക്കുകയാണ് ഇപ്പോൾ ചെയ്യുന്നത് .