തിരുവനന്തപുരം : നിയമനത്തട്ടിപ്പ് കേസില്‍ പറഞ്ഞതെല്ലാം നുണയെന്ന് പരാതിക്കാരന് ഹരിദാസന്. പ്രതി അഖില്‍ സജീവന്റെ പേര് പറഞ്ഞത് ബാസിത് ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിട്ടാണെന്നും ഹരിദാസന് പറഞ്ഞു. രഹസ്യമൊഴി രേഖപ്പെടുത്താനാണ് കന്റോണ്‍മെന്റ് പൊലീസിന്റെ തീരുമാനം. കന്റോണ്‍മെന്റ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഹരിദാസനെ നാളെയും വിശദമായി ചോദ്യം ചെയ്യും.
ആരോഗ്യമന്ത്രിയുടെ പിഎക്ക് പണം നല്‍കിയിട്ടില്ല. സെക്രട്ടേറിയറ്റ് പരിസരത്ത് വെച്ച് ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്നും ഹരിദാസന് പറഞ്ഞു. ഇന്ന് രാവിലെയാണ് ഹരിദാസന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. നേരത്തെ പണം നല്കിയ ആളെ ഓര്‍മയില്ലെന്നായിരുന്നു മൊഴി നല്‍കിയത്. എവിടെ വച്ചാണ് പണം നല്‍കിയതെന്ന് ഓര്‍മയില്ലെന്നും നേരത്തെ പറഞ്ഞിരുന്നു. ഈ രണ്ട് മൊഴികളും ആണ് വീണ്ടും മാറ്റിപ്പറഞ്ഞിരിക്കുന്നത്.
ഡോക്ടര്‍ നിയമനത്തിനായി സെക്രട്ടേറിയറ്റ് പരിസരത്ത് മന്ത്രി വീണാ ജോര്‍ജിന്റെ പിഎ അഖിലിന് ഒരു ലക്ഷം രൂപ നല്കി എന്നായിരുന്നു ഹരിദാസന്റെ പരാതിയില്‍ പറഞ്ഞിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒന്നും കണ്ടെത്താനും കഴിഞ്ഞിരുന്നില്ല.