ബംഗളൂരൂ: കര്‍ണാടകയിലെ ബിജെപി ഐടി സെല്‍ മേധാവി പ്രശാന്ത് മക്കനൂര്‍ അറസ്റ്റില്‍. വ്യാഴാഴ്ച രാത്രി വൈകിയാണ് ഇയാളെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.കര്‍ണാടക ബിജെപിയുടെ എക്സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത മുസ്ലീം വിദ്വേഷ വീഡിയോയ്ക്ക് എതിരായ പരാതിയിലാണ് അറസ്റ്റ്. ബെംഗളുരു ഹൈ ഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനിലാണ് പ്രശാന്ത് മക്കനൂര്‍ നിലവിലുളളത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇയാൾക്കെതിരേ ചുമത്തിയിട്ടുള്ളത്.
സംവരണവുമായി ബന്ധപ്പെട്ട് കര്‍ണാടക ബിജെപിയുടെ എക്സ് ഹാന്‍ഡിലില്‍ പ്രസിദ്ധീകരിച്ച വിദ്വേഷ വീഡിയോയാണ് അറസ്റ്റിലേക്ക് നയിച്ചത്. പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കോണ്‍ഗ്രസ്, മുസ്ലീം വിഭാഗത്തിന് മാത്രമായി അനധികൃതമായി നല്‍കുന്നുവെന്ന് സൂചിപ്പിക്കുന്നതായിരുന്നു ബിജെപി എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ച വീഡിയോ.സംഭവത്തില്‍ കോണ്‍ഗ്രസ് പരാതി നല്‍കിയതിന് പിന്നാലെ ഈ ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിരുന്നു. വീഡിയോയ്ക്കെതിരായ പരാതിയിൽ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ, ബിജെപി ഐടി സെല്‍ ദേശീയ കണ്‍വീനര്‍ അമിത് മാളവ്യ തുടങ്ങിയവര്‍ക്കും ബംഗളൂരു പോലീസ് സമന്‍സ് അയച്ചിരുന്നു.