ആര്‍എസ്എസും നരേന്ദ്രമോദിയും തമ്മിലുള്ള ബന്ധം അമ്മയും മകനും തമ്മിലുള്ള ബന്ധമാണെന്നാണ് സംഘകുടുംബത്തിലെ പല നേതാക്കളും പറയാറുള്ളത്. കാരണം മോദി ആര്‍എസ്എസ് പ്രചാരകനാണ്. 1989-90 കാലത്ത് ആര്‍എസ്എസ് ബിജെപിയിലേക്ക് നിയോഗിച്ചയാളുമാണ് അദ്ദേഹം. നരേന്ദ്രമോദിയെ സംബന്ധിച്ചിടത്തോളം ആര്‍എസ്എസ് നിര്‍ദേശിച്ച ജോലികളാണ് അദ്ദേഹം ബിജെപിയില്‍ ചെയ്തത്. ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുതല്‍ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനവും പ്രധാനമന്ത്രിസ്ഥാനവുമെല്ലാം ആര്‍എസ്എസിന്റെ നിര്‍ദേശപ്രകാരമാണ് മോദി ഏറ്റെടുത്തത്.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ഭഗവത് നരേന്ദ്രമോദിക്ക് നേരെ പരസ്യമായി തിരിഞ്ഞു. മണിപ്പൂരില്‍ കഴിഞ്ഞ ഒരു വര്‍ഷമായി സമാധാനം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞല്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണം വര്‍ഗീയ ധ്രൂവീകരണം ഉണ്ടാക്കുന്ന തരത്തിലേക്ക് വഴിമാറിയത് അംഗീകരിക്കാന്‍ കഴിയില്ലന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറും ഇതേ അഭിപ്രായം പങ്കുവച്ചു. ആര്‍എസ്എസ് നേതാവും മോഹന്‍ഭഗവതിന്റെ അടുത്തായാളുമായ ഇന്ദ്രേഷ്കുമാര് ബിജെപിക്ക് കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടത് അഹങ്കാരം കൂടിപ്പോയതിന്റെ ശിക്ഷയാണെന്ന് വരെ പറഞ്ഞു.ആര്‍എസ്എസ് മോദിയെ കയ്യൊഴിയാന്‍ തിരുമാനിച്ചുവെന്ന സൂചനയാണ് സംഘപരിവാറുമായി ബന്ധമുള്ള രാഷ്ട്രീയ നിരീക്ഷകര്‍ ഇതുമായി ബന്ധപ്പെട്ട് നല്‍കുന്നത്.
2014 ല്‍ തന്നെ നരേന്ദ്രമോദിയെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി വേണമോ എന്ന കാര്യത്തില്‍ ആര്‍എസ്എസിനു സംശയമുണ്ടായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിനെ കൈകാര്യം ചെയ്യാനുള്ള ആളും അര്‍ത്ഥവും ഒഴുക്കാന്‍ കഴിവുള്ള നേതാവ് എന്ന നിലയിലും, പ്രതിഛായ നിര്‍മ്മാണം നന്നായി വശമുള്ള നേതാവ് എന്ന നിലയിലും അതിലുപരി ഹിന്ദുത്വയോട് പ്രതിബദ്ധതയുള്ള നേതാവ് എന്ന നിലയിലും നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആര്‍എസ്എസ് നിര്‍ദേശിക്കുകയായിരുന്നു.ആദ്യത്തെ അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ സംഘകുടുംബത്തില്‍ ചില അസ്വാരസ്യങ്ങളുണ്ടായെങ്കിലും 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി നേടിയ മിന്നുന്നവിജയം വിമര്‍ശകരുടെ വായടപ്പിച്ചു. എന്നാല്‍ 2024 ല്‍ ഭരിക്കാനുള്ള ഭൂരിപക്ഷം നേടാന്‍ കഴിയാഞ്ഞതോടെ മോദി മാജിക്ക് അസ്തമിച്ചുവെന്ന് ആര്‍എസ് എസ് തിരിച്ചറിഞ്ഞു.
നരേന്ദ്രമോദിയുടെ പിന്‍ഗാമിയാരെന്ന ചോദ്യം സംഘകുടുംബത്തില്‍ ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. ഈ ചോദ്യത്തിന് പിന്നാലെ ഉരുണ്ടുകൂടുന്ന തര്‍ക്കങ്ങളാണ് ആര്‍എസ്എസ് മോദിക്കെതിരാകാനുള്ള പ്രധാനകാരണം. റാം മാധവിനെപ്പോലുള്ള നേതാക്കളെ ബിജെപിയില്‍ നിന്നും ആര്‍എസ്എസ് നേതൃത്വത്തിന് പിന്‍വലിക്കേണ്ടി വന്നതും മോദിയുമായുള്ള അകല്‍ച്ച വര്‍ധിച്ചത് കൊണ്ടാണ്. നരേന്ദ്രമോദി കളിക്കുന്ന ഒബിസി പൊളിറ്റിക്സ് ഉത്തരേന്ത്യയില്‍ പരമ്പരാഗതമായി ആര്‍എസ്എസിന് പിന്തുണ നല്കിപ്പോന്ന ബ്രാഹ്മണ്- ബനിയ – രാജ്പുത് വിഭാഗങ്ങള്‍ വലിയ അസംതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. തല്ക്കാലം മോദിക്കെതിരെ ഒന്നും പറയാന്‍ കഴിയാത്തത് കൊണ്ട് അവര്‍ മിണ്ടാതിരിക്കുകയാണ്.
അമിത്ഷായെ തന്റെ പിന്‍ഗാമിയാക്കണമെന്ന മോദിയുടെ ആവശ്യത്തോട് ആര്‍എസ്എസ് നേതൃത്വം മുഴുവന്‍ വിയോജിക്കുകയാണ്. അമിത്ഷായെ തലപ്പത്ത് കൊണ്ടുവരാന്‍ ആര്‍എസ്എസിന് താല്പര്യമില്ല. അതിനെക്കാള്‍ അവര്‍ ആഗ്രഹിക്കുന്നത് യോഗി ആദിത്യനാഥിനെയാണ്. പുതിയ ബിജെപി അധ്യക്ഷന്‍ ഈ മാസം അവസാനം ഉണ്ടാകും. തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നയാളായിരിക്കണം പുതിയ അധ്യക്ഷനെന്ന് ആര്‍എസ്എസിന് നിര്‍ബന്ധമുണ്ട്. ഇതിന് മോദി വഴങ്ങുമോ എന്ന സംശയവുമുണ്ട്. ഇതാണ് ആര്‍എസ്എസിന്റെ പെട്ടെന്നുള്ള പ്രകോപനത്തിന്റെ പ്രധാനകാരണം. 75 വയസ് കഴിയുമ്പോള്‍ വഹിക്കുന്ന സ്ഥാനം ഒഴിയണം എന്ന ബിജെപിയിലെ നിബന്ധന അദ്വാനി- മുരളീമനോഹര്‍ ജോഷിമാരെ ഒതുക്കാന്‍ മോദി തന്നെ കൊണ്ടുവന്നതാണ്. രണ്ടുവര്‍ഷം കഴിയുമ്പോള്‍ മോദിക്ക് 75 വയസ് തികയും. അപ്പോള്‍ അദ്ദേഹം ഒഴിയണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെടുമോ എന്നതാണ് ഇപ്പോള്‍ പ്രസക്തമായ ചോദ്യം. അങ്ങനെ ആര്‍എസ്എസ് ആവശ്യപ്പെട്ടാല്‍ ബിജെപിയില്‍ വലിയപ്രതിസന്ധി തന്നെയുണ്ടാകും.
ഏതായാലും നരേന്ദ്രമോദി എന്ന നേതാവിനോട് നാടകത്തിലെ അവസാന റോളുകള്‍ അഭിനയിക്കാന്‍ തയ്യാറായിക്കൊള്ളുവെന്ന സന്ദേശമാണ് ആര്‍എസ്എസ് നേതൃത്വം നല്‍കിയിരിക്കുന്നത്. ആര്‍എസ്എസിന്റെ സംഘടനാ തത്വമനുസരിച്ച് വ്യക്തി ഉപകരണം മാത്രമാണ്.അപ്പോള്‍ നരേന്ദ്രമോദിയെന്ന ഉപകരണത്തിന്റെ ഉപയോഗ കാലാവധി കഴിഞ്ഞുവെന്നാണോ ആര്‍എസ്എസ് അര്‍ത്ഥമാക്കുന്നത്