ബിജെപിക്ക് ഇനി ആര്‍എസ്എസിന്റെ പിന്തുണ വേണ്ടെന്നും ഒരു രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ ഒറ്റക്ക് മുന്നോട്ടു പോകാനുള്ള കരുത്ത് അത് നേടിക്കഴിഞ്ഞുവെന്നുമുള്ള ബിജെപി അധ്യക്ഷന്‍ ജെപിനദ്ദയുടെ പ്രസ്താവന അതീവതന്ത്രപരമായ രാഷ്ട്രീയ നീക്കമായാണ് വ്യഖ്യാനിക്കപ്പെടുന്നത്. ബിജെപിക്ക് ആളും അര്ത്ഥവുമില്ലാതിരുന്ന കാലത്ത് ആര്‍എസ്എസിന്റെ സഹായം വേണമായിരുന്നു എന്നാല്‍ ഇന്ത്യയിലെ തന്നെ വലിയ രാഷ്ട്രീയപാര്‍ട്ടിയായി മാറുകയും ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ ഉണ്ടാവുകയും ചെയ്യുന്ന ഈ കാലത്ത് ആര്‍എസ്എസിന്റെ പിന്തുണയില്ലാതെ ബിജെപിക്ക് നിലനില്ക്കാന് കഴിയുമെന്നാണ് ജെപി നദ്ദ പറഞ്ഞത്.
വളരെ തന്ത്രപരമായ ഒരുനീക്കമായി ഇത് വ്യാഖ്യാനിക്കപ്പെടുന്നു. ബിജെപിക്ക് മേല്‍ ആര്‍എസ്എസിന്റെ സ്വാധീനമില്ലന്ന് വരുത്തീതീര്ക്കാനും അതുവഴി മോദിയുടെ മൂന്നാം സര്‍ക്കാരിന് സ്വതന്ത്രമായ അസ്ഥിത്വം ഉണ്ടെന്നും അത് ബിജെപിയും അതിന്റെ നേതൃത്വവും അവരുടെ പ്രവര്‍ത്തനത്തിലൂടെ സൃഷ്ടിച്ചെടുത്തതാണെന്നുമുള്ള സന്ദേശം നല്‍കാനാണ് ഇപ്പോള്‍ ബിജെപി ശ്രമിക്കുന്നത്. ആര്‍എസ്എസിന്റെ ആശയങ്ങള്‍ പിന്തുടരുന്ന ബിജെപി മൂന്നാം തവണയും അധികാരത്തില്‍ വന്നാല്‍ ഭരണഘടന തിരുത്തി എഴുതുമെന്നും സംവരണം, ന്യുനപക്ഷ അവകാശങ്ങള്‍ ഇവയൊക്കെ ചോദ്യചിഹ്നമാകുമെന്നുമുള്ള ആരോപണങ്ങള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുയരുന്നുണ്ട്. മാത്രമല്ല വിദേശ മാധ്യമങ്ങളടക്കം മൂന്നാം മോദി സര്‍ക്കാര്‍ വന്നാല്‍ ഇന്ത്യയിലുണ്ടാകാന്‍ സാധ്യതയുള്ള സാമുഹീക രാഷ്ട്രീയമാറ്റങ്ങളെക്കുറിച്ച് ചില സംശയങ്ങള്‍ പ്രകടിപ്പിക്കുന്നുമുണ്ട്. ഈ സംശയങ്ങളുടെയെല്ലാം കാരണം ബിജെപിക്ക് ആര്‍എസ്എസുമായുള്ള പൊക്കിള്‍ക്കൊടി ബന്ധമാണ്.
ഇത് മുന്‍നിര്‍ത്തിയാണ് ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ തന്ത്രപരമായ സമീപനം കൈക്കൊണ്ടത്. ബിജെപി ആര്‍എസ്എസിന്റെ രാഷ്ട്രീയ രൂപമല്ലെന്ന് വരുത്തിതീര്‍ക്കേണ്ടത് ഇപ്പോള്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആവശ്യമാണ്. മൂന്നാം മോദി സര്‍ക്കാര്‍ വരികയാണെങ്കില്‍ ആ സര്‍ക്കാര്‍ നടത്തുന്നത് കഴിഞ്ഞ രണ്ടുസര്ക്കാരും നടത്താത്ത തരത്തിലുള്ള ചില രാഷ്ട്രീയ നീക്കങ്ങളായിരിക്കും. അതിന് ജനങ്ങളുടെ പിന്തുണ കിട്ടാനുള്ള അടവാണ് ആര്‍എസ്എസുമായി ബന്ധമില്ലന്ന തരത്തിലുള്ള ജെപി നദ്ദയുടെ പ്രസ്താവനയെന്നാണ് കരുതപ്പെടുന്നത്. നാല്ഘട്ടം തെരഞ്ഞെടുപ്പുകളിലും ബിജെപി പ്രതീക്ഷിച്ചപോലുള്ള പോളിംഗ് ശതമാനം ഉണ്ടായില്ല. രാമക്ഷേത്രം അടക്കമുള്ള വൈകാരിക പ്രശ്നങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അത്രക്ക് ഏല്‍ക്കുന്നില്ലന്ന് ബിജെപി നേതൃത്വം മനസിലാക്കിക്കഴിഞ്ഞു. ഹിന്ദുത്വക്ക് പരിധിയുണ്ടെന്ന ബിജെപിയുടെ തിരിച്ചറിവാണ് ആര്‍എസ്എസിന്റെ പിടിയില്‍ നിന്നും തങ്ങള്‍ മുക്തരാകുന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഈ ഉദ്യമം.ക്ഷേത്രങ്ങളെ ‘മോചിപ്പിക്കുക’ എന്ന തങ്ങളുടെ രാഷ്ട്രീയ പദ്ധതിക്ക് ആര്‍എസ്എസ് അല്‍പ്പമൊന്ന് അവധികൊടുത്തിരിക്കുകയാണ്. കാശി, മഥുര വിഷയങ്ങള്‍ ബിജെപിയുടെ കാര്യപരിപാടിയല്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കുന്നുണ്ട്. ആര്‍എസ്എസ് ആകട്ടെ ഈ വിഷയത്തില്‍ തങ്ങള്‍ക്കൊരു കാര്യമില്ലന്നും അത് അവിടുത്തെ ഭക്തജനങ്ങള്‍ തിരുമാനിക്കട്ടെയെന്നുമാണ് പറയുന്നത്. ചുരുക്കത്തില്‍ രാമക്ഷേത്രത്തിന് ശേഷം വൈകാരികമായ മറ്റൊരു വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ആര്എസുഎസും ബിജെപിയും മടികാണിക്കുന്നുണ്ട്. മതപരമായ അസഹിഷ്ണുത ഇന്ത്യയില്‍ വളര്‍ന്നുവരുന്നതായുള്ള വിദേശ മാധ്യമങ്ങളുടെ നിരീക്ഷണം തങ്ങള്‍ക്ക് ഗുണം ചെയ്യില്ലന്ന തിരിച്ചറിവ് ബിജെപിക്കുണ്ട്. ഇനി ഇന്ത്യന്‍ സമൂഹത്തില്‍ പിടിച്ചു നില്ക്കണമെങ്കില് മതം മാറ്റിവച്ചു മറ്റുളള വിഷയങ്ങള്‍ ഏറ്റെടുക്കണമെന്ന് ബിജെപി ബുദ്ധി കേന്ദ്രങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു.എന്നാല്‍ ഹിന്ദുത്വയെ ഉപേക്ഷിക്കാനല്ല ബിജെപി ഉദ്ദേശിക്കുന്നത്. മറിച്ച് അത് സംസ്കാരിക പ്രവര്‍ത്തനമെന്ന നിലയില്‍ സംഘപരിവാറിലെ മറ്റു സംഘടനകള്‍ മുന്നോട്ട് കൊണ്ടുപോകട്ടെ എന്ന നിലപാടാണ് ബിജെപിക്കുള്ളത്. ഈ നിലപാടിനെ ആര്‍എസ്എസ് നേതൃത്വവും അംഗീകരിച്ചു കഴിഞ്ഞു.
മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരികയാണെങ്കില്‍ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ കൃത്യമായ റോഡ് മാപ്പ് ബിജെപി തയ്യാറാക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസന രംഗത്ത് വലിയ കുതിച്ചുചാട്ടവും അതുവഴി ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍ തുടങ്ങിയ പിന്നോക്കം നില്ക്കുന്ന സംസ്ഥാനങ്ങളുടെ വ്യവസായവല്‍ക്കരണവുമാണ് മൂന്നാം മോദിസര്‍ക്കാരിന്റെ അജണ്ട എന്നാണ് ബിജെപി അവകാശപ്പെടുന്നത്. ഇതിനായി കോടിക്കണക്കിന് ഡോളറിന്റെ വിദേശ നിക്ഷേപം ആവശ്യമായി വരും. അപ്പോള്‍ ഒരു മതാധിഷ്ഠിത രാജ്യമെന്ന ചീത്തപ്പേരുണ്ടാകുന്നത് നല്ലതല്ലന്ന് ബിജെപിക്ക് തോന്നിയുണ്ടാകും. അതാണ് ഉണ്ടിരുന്നപ്പോള്‍ ഉണ്ടായ ഈ വിളിക്ക് പിന്നിലെ രഹസ്യം.