ഗുരുഗ്രാം : ഹരിയാനയിലെ നുഹ് ജില്ലയിൽ ആരംഭിച്ച കലാപം സമീപ പ്രദേശങ്ങളിലേക്കും ആളുന്നു. ഗുരുഗ്രാമിലെ ബാദ്ഷപുരിൽ 14 കടകൾ അക്രമികൾ തകർത്തു. ബിരിയാണി ഉൾപ്പെടെ ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകളാണ് ആക്രമിക്കപ്പെട്ടത്. 200 ഓളം ആളുകൾ കാറുകളിലും ബൈക്കിലും എത്തിയാണ് ആക്രമണം നടത്തിയത്. സെക്ടർ 66ൽ ഏഴ് കടകൾ അഗ്നിക്കിരയാക്കി. മുസ്ലിം വിഭാഗത്തിന്റെ കടകൾക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ബാദ്ഷാപുരിലെ മോസ്കിന്നു മുന്നിൽ അക്രമികൾ “ജയ് ശ്രീറാം’ വിളിക്കുകയും ചെയ്തു. അക്രമത്തെ തുടർന്ന് ബാദ്ഷാപുർ മാർക്കറ്റ് അടച്ചു. തിങ്കളാഴ്ച ഗുരുഗ്രാമിലെ സെക്ടർ 57 ൽ അക്രമികൾ മോസ്കിന് തീവയ്ക്കുകയും ഇമാമിനെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. നുഹിലെ അക്രമത്തെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചതോടെയാണ് ഗുരുഗ്രാമിലും സംഘർഷം ഉടലെടുത്തത്. രണ്ട് സമുദായത്തിലുള്ള ആളുകൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പ്രതിഷേധക്കാർ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു.