കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് നാളെ കണ്ണൂരില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ബിജെപി. കണ്ണൂര്‍ കോര്‍പ്പറേഷനിലാണ് ഹര്‍ത്താല്‍ നടത്തുകയെന്ന് ബിജെപി ജില്ലാ ഘടകം അറിയിച്ചു. നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരാവദികളായവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
അതേസമയം, എഡിഎം നവീന്‍ ബാബുവിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ വിമര്‍ശിച്ചത് സദുദ്ദേശ്യത്തോടെയാണെന്ന് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന് പറഞ്ഞു. എന്നാല്‍ യാത്രയയപ്പ് യോഗത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ പ്രസ്താവന അതേപടി മാധ്യമങ്ങളോട് ആവര്‍ത്തിച്ചു എന്നതല്ലാതെ കൂടുതല്‍ പ്രതികരണത്തിന് അദ്ദേഹം തയാറായില്ല. ദിവ്യക്കെതിരായി നടപടിയുണ്ടാകുമോ എന്ന ചോദ്യത്തോടും ജയരാജന് പ്രതികരിച്ചില്ല.
‘ദുഃഖമനുഭവിക്കുന്ന കുടുംബത്തോടൊപ്പം സിപിഎം പങ്കുചേരുന്നു. അദ്ദേഹത്തിന്റെ മരണം അപ്രതീക്ഷിതവും ദൗര്‍ഭാഗ്യകരവുമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തില്‍ അങ്ങനെ പറഞ്ഞത് അഴിമതിക്കെതിരായി സദുദ്ദേശ്യത്തോടെയാണ്. ജനപ്രതിനിധിയാകുമ്പോള്‍ സ്വന്തം അനുഭവത്തിലുണ്ടാകുന്ന തെറ്റായ പ്രവണതകള്‍ ജനങ്ങള്‍ പറയും. അങ്ങനെ പറഞ്ഞുകേട്ട ജനകീയ സങ്കടങ്ങളാണെങ്കില്‍ പോലും യാത്രയയപ്പ് യോഗത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒഴിവാക്കേണ്ടതായിരുന്നു. ഇതുസംബന്ധിച്ച എല്ലാ പരാതികളും സര്‍ക്കാര്‍ അന്വേഷിക്കേണ്ടതും വ്യക്തത വരുത്തേണ്ടതുമാണ്.’ ജയരാജന് പറഞ്ഞു.