കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും കേസില്‍ പ്രതികളാക്കും. ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ ചെയ്ത രണ്ട് ഡോക്ടര്‍മാരേയും രണ്ട് നഴ്സുമാരേയുമാണ് പ്രതികളാക്കുന്നത്.ആശുപത്രി സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവരെ കേസില്‍ നിന്ന് ഒഴിവാക്കും. ഇതിനായി അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
ജില്ലാ മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തിനെതിരേ അപ്പീല്‍ നല്‍കേണ്ടെന്നും കോഴിക്കോട് സിറ്റി പൊലീസ് തീരുമാനിച്ചു.2017 നവംബര്‍ 30ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പ്രസവശസ്ത്ര ക്രിയയെ തുടര്‍ന്നാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ ഈ ശസ്ത്രക്രിയയെ തുടര്‍ന്നാണിതെന്ന് പറയാന്‍ കഴിയില്ലെന്നും അതിനുള്ള തെളിവുകള്‍ ഇല്ലെന്നുമായിരുന്നു ജില്ലാ മെഡിക്കല്‍ ബോര്‍ഡിന്റെ നിലപാട്. ഇതിനെതിരേ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന് അപ്പീല്‍ കൊടുക്കാനാണ് ഹർഷീനയുടെ തീരുമാനം. ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നീതി തേടി ഹര്‍ഷിനയും കുടുംബവും ബുധനാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ ഏകദിന ഉപവാസം സമരം നടത്തിയിരുന്നു.