കോഴിക്കോട്: യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നാല് പ്രതികളെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി പോലീസ്. ഇതിനുള്ള അപേക്ഷ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു.
പ്രോസിക്യൂഷന് നടപടികള്‍ വൈകുന്നെന്ന് ആരോപിച്ച് സംഭവത്തിന്റെ ഇരയായ കോഴിക്കോട് സ്വദേശിയായ ഹര്‍ഷിന വീണ്ടും സമരം നടത്താനിരിക്കെയാണ് നടപടി. രണ്ട് നഴ്സുമാരും രണ്ട് ഡോക്ടര്‍മാരുമാണ് കേസിലെ പ്രതികള്‍.
ആശുപത്രി രേഖകളുടെ അടിസ്ഥാനത്തിലും മറ്റ് ശാസ്ത്രീയ തെളിവുകള്‍ വിലയിരുത്തിയുമാണ് ഇവരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്. കോഴിക്കോട് മഡിക്കൽ കോളജിൽ ഹര്‍ഷിനയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയപ്പോള്‍ ഇവരാണ് ഡ്യൂട്ടിലുണ്ടായിരുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ലഭിച്ച ശേഷം മാത്രമേ കുറ്റപത്രം സമര്‍പ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേയ്ക്ക് പോലീസിന് കടക്കാന്‍ കഴിയൂ.