കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ മണക്കടവ് മലയില്‍ക്കുളങ്ങര കെകെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്സുമാരും കുറ്റക്കാരെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഹര്‍ഷിനയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളജിലേതു തന്നെയെന്ന് പൊലീസ് കണ്ടെത്തി.
ജില്ലാതല ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഹര്‍ഷിനയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളജിലേതു തന്നെയെന്ന് വ്യക്തമാക്കിയിട്ടുള്ളത്. 2017 നവംബര്‍ 30-ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ പ്രസവശസ്ത്രക്രിയയ്ക്കെത്തിയപ്പോഴാണ് വയറ്റില്‍ കത്രിക കുടുങ്ങിയതെന്നാണ് യുവതിയുടെ ആരോപണം. സത്യം എത്ര മൂടിവെച്ചാലും പുറത്തുവരുമെന്നതിന്റെ തെളിവാണിതെന്ന് ഹര്‍ഷിന വ്യക്തമാക്കി. അഞ്ചുവര്‍ഷം അനുഭവിച്ച കഷ്ടപ്പാടിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും പൂര്‍ണമായും നീതി ലഭിക്കുന്നത് വരെ സമരം തുടരുമെന്നും ഹര്‍ഷിന പറഞ്ഞു.
‘സത്യം എത്ര മൂടിവെച്ചാലും അത് ഒടുവില്‍ പുറത്തുവരുമെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണിത്. എന്റെ പരാതി നൂറു ശതമാനവും സത്യമാണെന്ന് ഉറപ്പുള്ളതു കൊണ്ടാണല്ലോ ഇത്രയും വലിയ ഒരു പോരാട്ടത്തിന് ഞാന്‍ ഇറങ്ങിത്തിരിച്ചത്. ഒരാളുടെ അശ്രദ്ധ കൊണ്ട് അഞ്ചു വര്‍ഷമാണ് ഞാന്‍ വേദന അനുഭവിച്ചത്. ഇനിയൊരാള്‍ക്കും ഇതു പോലൊരും ദുരവസ്ഥ ഉണ്ടായിക്കൂടാ. അതുകൊണ്ടു കൂടിയാണ് സമരത്തിന് ഞാന്‍ തെരുവിലേക്കിറങ്ങിയത്. പൂര്‍ണമായും നീതി കിട്ടുന്നതുവരെ സമരവുമായി മുന്നോട്ട് പോകും’- ഹര്‍ഷിത പറഞ്ഞു. ഡോക്ടര്‍മാരുടെ ചെറിയ നേരത്തെ അശ്രദ്ധകൊണ്ട് ഒരാള്‍ക്ക് എത്രമാത്രം ദുരന്തം അനുഭവിക്കാമോ അത്രയ്ക്ക് താന്‍ അനുഭവിച്ചിട്ടുണ്ട്. ഇത് തന്റെ കാര്യം മാത്രമല്ല. ഇനി മറ്റൊരാള്‍ക്കും ഇങ്ങനെ ഒരുഗതി ഉണ്ടാവരുതെന്നും ഹര്‍ഷിന പറഞ്ഞു.
‘അഞ്ചുവര്‍ഷം കൊണ്ട് അനുഭവിച്ചത് ചെറിയ കാര്യമല്ലല്ലോ. അതിനുള്ള അര്‍ഹതപ്പെട്ട മാന്യമായ നഷ്ടപരിഹാരം തന്നേ മതിയാകൂ. ഞാന്‍ അനുഭവിച്ചതിന് എത്ര തന്നാലും മതിയാവില്ല. സാമ്പത്തികമായി ഒരുപാട് ബാധ്യതകളാണ് ഈ ഒറ്റ കാര്യംകൊണ്ട് ഉണ്ടായത്. മെഡിക്കല്‍ കോളജിന്റെതല്ല കത്രികയെന്നും ഇത് എവിടെ നിന്നുവന്നു എന്നതിന് തെളിവില്ല എന്നായിരുന്നു ആരോഗ്യമന്ത്രി പറഞ്ഞത്. അത് തെളിയിക്കുകയെന്നതായിരുന്നു തന്റെ ആദ്യത്തെ വെല്ലുവിളി. അത് സത്യമാണെന്ന് തെളിഞ്ഞു. ഇനി വാക്കുതന്നവര്‍ അത് പാലിക്കട്ടെ. പൂര്‍ണമായ നീതി ലഭിച്ച ശേഷം മാത്രമെ സമരം അവസാനിപ്പിക്കൂ’ ഹര്‍ഷിന പറഞ്ഞു.