അഭിഷേക് സിംഗ്വിനേറ്റ അപ്രതീക്ഷിത തോൽവി ഹിമാചൽ പ്രദേശിലെ സുഖ്വിന്ദർ സുഖുവിന്റെ നേതൃത്വത്തിലെ കോൺഗ്രസ് സർക്കാരിന്റെ ഭാവി തുലാസിലാക്കി. 40 എം.എൽ.എമാരിൽ ആറുപേറും സർക്കാരിനെ പിന്തുണച്ച മൂന്ന് എം.എൽ.എമാരും ബി.ജെ.പി സ്ഥാനാർത്ഥി ഹർഷ് മഹാജനെ ജയിപ്പിക്കാൻ ക്രോസ് വോട്ടു ചെയ്തതോടെ സർക്കാരിന് ഭൂരിപക്ഷം നഷ്ടമായി. ക്രോസ് വോട്ട് ചെയ്ത 9പേരെ സി.ആർ.പി.എഫ് ജവാൻമാരുടെ സുരക്ഷയിൽ ബി.ജെ.പി ഹരിയാനയിലേക്ക് മാറ്റി.
ഹിമാചലിൽ സർക്കാർ രൂപീകരിക്കാൻ തിരക്കിട്ട നീക്കവുമായി ബി.ജെ.പി. ബി.ജെ.പി നേതാവ് ജയ്റാം ഠാക്കൂർ ഇന്ന് രാവിലെ ഗവർണറെ കാണും. ഹിമാചൽ പ്രദേശിൽ 68 അംഗ നിയമസഭയിൽ 35 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. സർക്കാരിന് കോൺഗ്രസിന്റെ 40ഉം മൂന്ന് സ്വതന്ത്രൻമാരുമാണ് പിന്തുണ നൽകിയിരുന്നത്. രാജ്യസഭാ തിരഞ്ഞെടുപ്പോടെ ഇത് 34 ആയി കുറഞ്ഞു. 25 സീറ്റിൽ ഒതുങ്ങിയ ബി.ജെ.പിക്ക് ഇന്നലത്തെ സാഹചര്യം വച്ച് പിന്തുണ 34 ആയി വർദ്ധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.
സിംഗ്വിക്ക് ലഭിച്ചത് 34 വോട്ട്. 25 ബി.ജെ.പി വോട്ടുകളും 9 ക്രോസ് വോട്ടുകളും ചേർന്നപ്പോൾ ഹർഷിനും കിട്ടി 34 വോട്ട്. തുടർന്ന് നറുക്കെടുപ്പിലൂടെ വിജയിയെ പ്രഖ്യാപിച്ചു. സിംഗ്വിയുടെ തോൽവി സർക്കാരിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നും സുഖ്വിന്ദർ സുഖു രാജിവയ്ക്കണമെന്നും ബി.ജെ.പി നേതാവ് ജയ്റാം താക്കൂർ ആവശ്യപ്പെട്ടതും ശ്രദ്ധേയം. ബഡ്ജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ പ്രതിപക്ഷം സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനിടയുണ്ട്. അതിനാൽ വരും ദിവസങ്ങൾ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം നിർണായകമാകും.
കർണാടകയ്ക്കും തെലങ്കാനയ്ക്കും പുറമെ രാജ്യത്ത് കോൺഗ്രസ് അധികാരത്തിലുള്ള ഏക സംസ്ഥാനമാണ് ഹിമാചൽ. രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായ സുഖ്വിന്ദർ സുഖുവിനെതിരെ പാർട്ടിക്കുള്ളിൽ രൂപം കൊണ്ട വിമത നീക്കമാണ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് അറിയുന്നു. ഹിമാചൽ സുരക്ഷിതമല്ലെന്ന് മനസിലാക്കിയാണ് മുൻ അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ പാർട്ടി അധികാരത്തിലില്ലാത്ത രാജസ്ഥാൻ വഴി രാജ്യസഭാംഗമാക്കിയതെന്നും സൂചനയുണ്ട്. മുതിർന്ന എംപിയും മുൻ മുഖ്യമന്ത്രി വീർഭദ്ര സിംഗിന്റെ ഭാര്യയുമായ പ്രതിഭാ സിംഗിനെ തള്ളിയാണ് കേന്ദ്ര നേതൃത്വം സുഖുവിനെ മുഖ്യമന്ത്രിയാക്കിയത്. പ്രതിഭയുടെ മകൻ വിക്രമാദിത്യ സിംഗ് അയോദ്ധ്യ വിഷയത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിനെതിരെ രംഗത്തു വന്നിരുന്നു.