തിരുവനന്തപുരം : ഈ വർഷത്തെ ഹരിവരാസനം പുരസ്കാരം തമിഴ് പിന്നണി ഗായകൻ പികെ വീരമണി ദാസന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് ഈ മാസം 15ന് മകര വിളക്ക് ദിവസം രാവിലെ എട്ടിന് ശബരിമല സന്നധാനം ഓഡിറ്റോറിയത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അവാർഡ് സമ്മാനിക്കും.
സർവമത സാഹോദര്യം, സമഭാവന, സർഗാത്മക പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്. ആറായിരത്തിലധികം ഭക്തിഗാനങ്ങൾ വീരമണി ദാസൻ ആലപിച്ചിട്ടുണ്ട്. കൂടുതലും അയ്യപ്പ ഭക്തി ഗാനങ്ങൾ.
ദേവസ്വം സ്പെഷ്യൽ സെക്രട്ടറി എംജി രാജമാണിക്യം, ദേവസ്വം കമ്മീഷണർ സിഎൻ രാമൻ, പ്രൊഫ. പാൽകുളങ്ങര കെ അംബികാ ദേവി എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയിച്ചത്. 2012 മുതലാണ് സംസ്ഥാന സർക്കാർ ഹരിവരാസനം അവാർഡ് ഏർപ്പെടുത്തിയത്.
വീരമണി രാജു, ആലപ്പി രംഗനാഥ്, ശ്രീകുമാരൻ തമ്പി അടക്കമുള്ളവർ നേരത്തെ പുരസ്കാരം നേടിയിട്ടുണ്ട്.