മുംബൈയുടെ നായകനായുള്ള ഹർദിക്കിന്റെ ആദ്യ മത്സരത്തിൽ തന്നെ കല്ലുകടി. ഇന്നലെ നടന്ന മത്സരത്തിൽ രോഹിത്തിന്റെ ഫീൽഡിംഗ് പൊസിഷൻ മാറ്റിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഗുജറാത്ത് ഇന്നിങ്സിന്റെ അവസാന ഓവറിൽ ഹർദിക് രോഹിത് ശർമയെ ബൗണ്ടറി ലൈൻ ചൂണ്ടിക്കാണിച്ച് അവിടെ ഫീൽഡ് ചെയ്യാനാവശ്യപ്പെട്ടു. ഒരുനിമിഷം പാണ്ഡ്യയെ അവിശ്വസനീയമായി നോക്കിയ രോഹിത് എന്നോട് തന്നെയാണോ പറഞ്ഞത് എന്ന് ചോദിച്ചു. അതെ എന്ന് പാണ്ഡ്യ പറഞ്ഞയുടൻ താരം ലോങ് ഓണിലേക്ക് ഓടി. തുടർന്നും മുന്നോട്ടേക്ക് നിൽക്കാൻ ഹാർദിക് ആവശ്യപ്പെടുന്നത് കാണാമായിരുന്നു. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. മത്സരത്തിലുടനീളം ഹർദിക്കിന് നേരെ കൂവലോടെയാണ് ഗ്യാലറി പ്രതികരിച്ചത്.
മത്സരത്തിന് ശേഷവും രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഹർദിക്കിന് നേരെ ഉയരുന്നത്. രോഹിത്തിനെ പോലൊരു സീനിയർ താരത്തോട് ഒട്ടും ബഹുമാനമില്ലാതെയാണ് പാണ്ഡ്യ പെരുമാറിയതെന്നായിരുന്നു പലരുടെയും അഭിപ്രായം. അതേസമയം, ഹർദികിനെ പിന്തുണച്ചും ചിലരെത്തി. ഹർദിക് ക്യാപ്റ്റനെന്ന നിലയിൽ തന്റെ ഉത്തരവാദിത്തമാണ് നിർവഹിച്ചത്. ഏത് താരമാണെങ്കിലും ക്യാപ്റ്റൻ പറയുന്നയിടത്ത് ഫീൽഡ് ചെയ്യാൻ തയ്യാറാവണമെന്ന് അവർ കുറിച്ചു. മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രോഹിത് ശർമ്മയെ മാറ്റി ഹർദിക് പാണ്ഡ്യയെ നിയമിച്ചതിൽ ആരാധകരിൽ നിന്ന് വൻ വിമർശനമാണ് ടീം നേരിട്ടുകൊണ്ടിരിക്കുന്നത്. നിരവധി പേർ മുംബൈ ഇന്ത്യൻസിന്റെ പേജ് അൺഫോളോ ചെയ്തിരുന്നു.