മലപ്പുറം: എച്ച്1എൻ1 പനി വ്യാപിക്കുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ സ്കൂൾ കുട്ടികൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന നിർദ്ദേശവുമായി ആരോഗ്യവകുപ്പ് രംഗത്ത്. 2009ന് ശേഷം മലപ്പുറത്ത് കൂടുതൽ എച്ച്1എൻ1 രോഗം റിപ്പോർട്ട് ചെയ്യുന്നത് ഇപ്പോഴാണ്.
കുട്ടികളിലാണ് രോഗം ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്. പനി, ചുമ, ശ്വാസംമുട്ടൽ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.വായുവിലൂടെയാണ് എച്ച്1എൻ1 വൈറസ് പടരുന്നത്. കുട്ടികളെ മാത്രമല്ല മുതിർന്നവരെയും രോഗം ഗുരുതരമായി ബാധിച്ചേക്കാം. മാസ്കിന്റെ ഉപയോഗത്തിലൂടെ രോഗവ്യാപനം തടയാൻ കഴിയുമെന്നാണ് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ജില്ലയിൽ എലിപ്പനി ബാധിതരുടെയും ഡെങ്കിപ്പനി ബാധിതരുടെയും എണ്ണവും വർധിക്കുന്നുണ്ട്.