ഡൽഹി: ഗ്യാൻവാപി മസ്ജിദിൽ പഴക്ക നിർണയത്തിനായുള്ള കാർബൺ ടെസ്റ്റ് ഇന്ന് നടക്കും. വാരണാസി ജില്ലാകോടതിയുടെ ഉത്തരവ് പ്രകാരം പുരാവസ്തു വകുപ്പാണ് സർവെ നടത്തുക. കോടതിയുടെ ഉത്തരവ് ഉളളതിനാൽ ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന ജലധാര ഭാഗം ഒഴിവാക്കിയാണ് പരിശോധന. രാവിലെ ഏഴ് മുതൽ പന്ത്രണ്ട് മണി വരെയാണ് സർവെ നടക്കും.
സർവേ തടയണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മറ്റി നൽകിയ ഹർജി സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്നിലെത്തും. കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്നുള്ള ഗ്യാൻവാപി മസ്ജിദിൽ പുരാതന ഹൈന്ദവ ക്ഷേത്രത്തിന്റെ അടയാളങ്ങളുണ്ടെന്ന് അവകാശപ്പെട്ട് നാല് ഹിന്ദു സ്ത്രീകൾ നൽകിയ ഹരജിയിലാണ് കോടതി പരിശോധന നടത്താൻ ഉത്തരവ് ഇട്ടത്.കാശി വിശ്വനാഥ ക്ഷേത്രം കൈയേറിയാണോ ഗ്യാൻവാപി മസ്ജിദ് നിർമ്മിച്ചതെന്ന് കണ്ടെത്താൻ ശാസ്ത്രീയ പരിശോധനയ്ക്ക് വാരണാസി ജില്ലാക്കോടതി ഉത്തരവിട്ടിരുന്നു.
ഈ സാഹചര്യത്തിൽ വിഷയം അടിയന്തരമായി പരിഗണിച്ച് വാദം കേൾക്കണമെന്ന് മസ്ജിദ് കമ്മിറ്റി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനോട് ആവശ്യപ്പെടും. മസ്ജിദ് വളപ്പിൽ കണ്ടെത്തിയെന്ന് പറയുന്ന ശിവലിംഗത്തിന്റെ കാലപ്പഴക്കം നിർണയിക്കാനുളള അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. ഇക്കാര്യത്തിൽ അടക്കമാണ് വേഗത്തിലുളള വാദം ആവശ്യപ്പെടുന്നത്.