ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ന്യൂ ജനറേഷൻ എക്സ്.യു.വി കാർ. ഏറ്റവും പുതിയ മോഡലായ എക്സ്.യു.വി 700 എ.എക്സ് 7 ഓട്ടോമറ്റിക് കാറാണ് സമർപ്പിച്ചത്. പെട്രോൾ എഡിഷനാണ്. വാഹന വിപണിയിൽ കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനമാണിത്. 25 ലക്ഷം രൂപ വിലയുണ്ട്.
ഇന്നലെ ഉച്ചപൂജയ്ക്ക് ശേഷം നട തുറന്നപ്പോഴായിരുന്നു വാഹന സമർപ്പണച്ചടങ്ങ്. കിഴക്കെനടയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയന് വാഹനത്തിന്റെ താക്കോൽ മഹീന്ദ്രാ ആൻഡ് മഹീന്ദ്രാ ലിമിറ്റഡിന്റെ ആട്ടോമോറ്റീവ് ടെക്നോളജി ആൻഡ് പ്രോഡക്ട് ഡെവലപ്മെന്റ് പ്രസിഡന്റ് ആർ. വേലുസ്വാമി കൈമാറി. 2021 ഡിസംബറിൽ ലിമിറ്റഡ് എഡിഷൻ ഥാർ വാഹനവും മഹീന്ദ്ര കമ്പനി ക്ഷേത്രത്തിലേക്ക് സമർപ്പിച്ചിരുന്നു. ഇത് ലേലത്തിൽ പോയത് വിവാദത്തിലായിരുന്നു.