അമ്റേലി: ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് അംബരീഷ് ദേർ പാർട്ടി വിട്ടു. തിങ്കളാഴ്ച ഉച്ചയോടെ അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചു. അമ്റേലി ജില്ലയിലെ റജുല നിയമസഭാ സീറ്റിൽ നിന്നുള്ള മുൻ നിയമസഭാംഗമാണ് ദേര്‍. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര മാര്‍ച്ച് 7ന് ഗുജറാത്തിലെത്താനിരിക്കെയാണ് ദേറിന്റെ രാജി.
അഹിർ സമുദായത്തിൽ നിന്നുള്ളയാളാണ് ദേര്‍. ഗുജറാത്ത് ബി.ജെ.പി അധ്യക്ഷന്‍ സി.ആർ പാട്ടീൽ ഇന്ന് അഹമ്മദാബാദ് ആസ്ഥാനമായുള്ള ദേർസ് സയൻസ് സിറ്റിയിലെ വസതിയിൽ എത്തി അദ്ദേഹത്തിന്റെ അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചു. നാളെ ഗുജറാത്തിലെ ബി.ജെ.പി ആസ്ഥാനമായ ശ്രീകമലത്തിലെത്തി ബി.ജെ.പിയില്‍ ചേരും. ബി.ജെ.പിയിലേക്കുള്ള തൻ്റെ പ്രവേശനത്തെക്കുറിച്ച് റജുല അസംബ്ലി മണ്ഡലത്തിൽ ഒരു പൊതുപരിപാടിയും നടത്തുമെന്ന് ദേർ പറഞ്ഞു.2022ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ 10,000-ത്തിലധികം വോട്ടിനാണ് ദേർ പരാജയപ്പെട്ടത്.
സഹകരണ ബാങ്ക്, തദ്ദേശ സ്ഥാപന പ്രതിനിധി, എം.എൽ.എ എന്നിങ്ങനെ വിവിധ സ്ഥാനങ്ങളിലായി കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സജീവ രാഷ്ട്രീയത്തിലുണ്ട് ദേര്‍. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെപി.യിൽ ചേരാൻ സിആർ പാട്ടീൽ ദേറിനെ പരസ്യമായി ക്ഷണിച്ചിരുന്നു.പാർട്ടിയിലെ ദേറിൻ്റെ വഴികാട്ടി പോർബന്തർ എംഎൽഎയും മുൻ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ അർജുൻ മോദ്വാദിയ ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇത്തരം ഊഹാപോഹങ്ങൾ മോദ്വാദിയ നിഷേധിച്ചു.രാമക്ഷേത്രത്തിന്റെ പ്രാൺ പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിൻ്റെ തീരുമാനത്തെ മോദ്വാദിയയും ദേറും പരസ്യമായി വിമർശിച്ചിരുന്നു.
അതേസമയം ഗുരു അർജുൻ മോദ്വാദിയയും ഉടൻ ബി.ജെ.പിയിൽ ചേരുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകാൻ ദേർ വിസമ്മതിച്ചു. പ്രാൺ പ്രതിഷ്ഠാ പരിപാടി ബഹിഷ്കരിക്കാനുള്ള പാർട്ടി കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനത്തിൽ തനിക്ക് അതൃപ്തിയുണ്ടെന്ന് ദേര്‍ ഇന്നും ആവര്‍ത്തിച്ചു. എൻജിഒ പോലെയല്ല രാഷ്ട്രീയ പാർട്ടിയായാണ് പാർട്ടി പ്രവർത്തിക്കേണ്ടതെന്നും മുൻവ്യവസ്ഥകളോടെയല്ല താൻ ബി.ജെ.പിയിൽ ചേരുന്നതെന്നും ദേർ പറഞ്ഞു. അതിനിടെ, പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അംബരീഷ് ദേറിനെ സസ്പെൻഡ് ചെയ്തതായി ഗുജറാത്ത് കോൺഗ്രസ് അറിയിച്ചു. എന്നാൽ, ഇത് സംബന്ധിച്ച് തന്നോട് ആശയവിനിമയം നടത്തിയിട്ടില്ലെന്നും ഒന്നര മണിക്കൂർ മുമ്പ് താൻ രാജിവെച്ചിരുന്നുവെന്നും ദേര്‍ വ്യക്തമാക്കി.