ജയ്പൂർ: റാഷിദ് ഖാനും രാഹുൽ തെവാത്തിയയും തകർത്തടിച്ചതോടെ ഐപിഎല്ലിൽ രാജസ്ഥാന്റെ അപരാജിത കുതിപ്പിന് വിരാമം. രാജസ്ഥാൻ ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം 7 വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് മറികടന്നു. അവസാന 2 ഓവറിൽ 35 റൺസായിരുന്നു വിജയലക്ഷ്യം. കുൽദീപ് സെൻ എറിഞ്ഞ 19–ാം ഓവറിൽ 20 റൺസ് അടിച്ചുകൂട്ടിയ തെവാത്തിയ– റാഷിദ് ഖാൻ സഖ്യത്തിന് അവസാന ഓവറിലെ 15 റൺസ് കടമ്പയും ഒരു വെല്ലുവിളിയായില്ല. 2 റൺസ് വേണ്ടിയിരുന്ന അവസാന പന്തിൽ ഫോർ അടിച്ചാണ് റാഷിദ് ടീമിന്റെ വിജയമുറപ്പിച്ചത്. ഓൾറൗണ്ട് പ്രകടനത്തോടെ തിളങ്ങിയ റാഷിദ് ഖാനാണ് പ്ലെയർ ഓഫ് ദ് മാച്ച്.
സ്കോർ: രാജസ്ഥാൻ– 20 ഓവറിൽ 3ന് 196. ഗുജറാത്ത് 20 ഓവറിൽ 7ന് 199. 197 റൺസിന്റെ വലിയ ലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെയും (44 പന്തിൽ 72) സായ് സുദർശന്റെയും (35) ബാറ്റിങ്ങ് മികവാണ് തുണയായത്. നേരത്തേ ക്യാപ്റ്റൻ സഞ്ജു സാംസണിന്റെയും (38 പന്തിൽ 68 നോട്ടൗട്ട്) റിയാൻ പരാഗിന്റെയും (48 പന്തിൽ 76) അർധ സെഞ്ചറിയാണ് രാജസ്ഥാനെ മികച്ച സ്കോറിലെത്തിച്ചത്. മൂന്നാം വിക്കറ്റിൽ 130 റൺസ് നേടിയ ഇവരുടെ കൂട്ടുകെട്ടിന്റെ ബലത്തിലാണ് തുടക്കത്തിലെ തകർച്ചയിൽ നിന്ന് രാജസ്ഥാൻ കരകയറിയത്.