അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസ് വിട്ട് ക്യാപ്റ്റനായി മുംബൈയിൽ തിരിച്ചെത്തിയ ഹർദിക്കിന് ആദ്യ മത്സരത്തിൽ തന്നെ തോൽവി. 6 റൺസിനായിരുന്നു ഗുജറാത്തിന്റെ ജയം. 168 റൺസ് പിന്തുടർന്ന മുംബൈയുടെ പോരാട്ടം 162 റൺസിലൊതുങ്ങി. തുടർച്ചയായ 12–ാം സീസണിലാണ് മുംബൈ ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ തോൽവി വഴങ്ങുന്നത്. പുതിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനു കീഴിലെ കന്നി മത്സര വിജയം ഗുജറാത്തിന് നേട്ടമായി.
ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവോടെ പ്രഹരശേഷി കൂടിയ മുംബൈ ഇന്ത്യൻസ് ബോളിങ് നിരയാണ് മത്സരത്തിന്റെ തുടക്കത്തിൽ ആധിപത്യം കാട്ടിയത്. ടോസ് നേടിയ മുംബൈ ബോളിങ് തിരഞ്ഞെടുത്തപ്പോൾ 14 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത ബുമ്ര കരുത്തുകാട്ടി. പവർപ്ലേയിലും മധ്യ ഓവറിലും ഡെത്ത് ഓവറിലുമായി പന്തെറിഞ്ഞ ബുമ്ര 4 ഓവറിനിടെ വഴങ്ങിയത് ഒരു ബൗണ്ടറി മാത്രം. വൃദ്ധിമാൻ സാഹയുടെ (19) വിക്കറ്റു നേടി ഗുജറാത്തിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചാണ് ബുമ്ര തുടങ്ങിയത്. എന്നാൽ തുടർന്ന് ശുഭ്മൻ ഗില്ലും (31) സായ് സുദർശനും (45) ചേർന്നു സ്കോറുയർത്തി.
എട്ടാം ഓവറിൽ പിയൂഷ് ചൗളയുടെ പന്തിൽ ശുഭ്മൻ ഗിൽ (22 പന്തിൽ 31) പുറത്തായതിനു പിന്നാലെ മുംബൈ ബോളർമാർ കളി വരുതിയിലാക്കി. ആദ്യ 11 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് അടിച്ചെടുത്ത ഗുജറാത്തിന് അവസാന 9 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 69 റൺസ് മാത്രം. മറുപടി ബാറ്റിങ്ങിന്റെ തുടക്കത്തിൽ ഇഷൻ കിഷൻ (0) പുറത്തായപ്പോൾ മുംബൈ ഇന്നിങ്സിന്റെ നെടുംതൂണായത് മുൻ ക്യാപ്റ്റൻ രോഹിത് ശർമ (29 പന്തിൽ 43). രോഹിത്തും ഡെവാൾഡ് ബ്രെവിസും (38 പന്തിൽ 46) ചേർന്ന് മൂന്നാം വിക്കറ്റിൽ 77 റൺസ് നേടി. 13–ാം ഓവറിൽ രോഹിത്തും 16–ാം ഓവറിൽ ബ്രെവിസും പുറത്തായതാണ് മുംബൈയ്ക്കു തിരിച്ചടിയായത്. രോഹിത് പുറത്താകുമ്പോൾ 107 റൺസ് നേടിയിരുന്ന മുംബൈ തുടർന്നുള്ള 8 ഓവറിൽ നേടിയത് 55 റൺസ് മാത്രം.