അഹമ്മദാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ഏഴ് വിക്കറ്റ് ജയം. 163 റൺസ് വിജയലക്ഷ്യം അഞ്ചു പന്തുകൾ ബാക്കി നിൽക്കെ ഗുജറാത്ത് മറികടന്നു. സ്കോർ– സൺറൈസേഴ്സ് ഹൈദരാബാദ് 20 ഓവറിൽ എട്ടിന് 162, ഗുജറാത്ത് ടൈറ്റൻസ് 19.1 ഓവറിൽ മൂന്നിന് 168.
കഴിഞ്ഞ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയ ഹൈദരാബാദ്, അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പതറിപ്പോയി. 20 പന്തിൽ 29 റൺസെടുത്ത അഭിഷേക് ശര്‍മയും, 14 പന്തിൽ 29 റണ്‍സെടുത്ത അബ്ദുൽ സമദുമാണ് ഹൈദരാബാദ് നിരയിലെ ടോപ് സ്കോറർമാർ. ട്രാവിസ് ഹെഡ് (14 പന്തിൽ 19), മയാങ്ക് അഗർവാൾ (17 പന്തിൽ 16), എയ്ഡൻ മർക്റാം (19 പന്തിൽ 17), ഹെന്റിച് ക്ലാസൻ (13 പന്തിൽ 24), ഷഹബാസ് അഹമ്മദ് (20 പന്തിൽ 22) എന്നിവരാണ് ഹൈദരാബാദ് നിരയിലെ മറ്റു പ്രധാന സ്കോറർമാര്‍. മികച്ച തുടക്കം ലഭിച്ചിട്ടും വലിയൊരു കൂട്ടുകെട്ടുണ്ടാക്കാൻ ഹൈദരാബാദ് ബാറ്റർമാരെ ഗുജറാത്ത് ബോളർമാർ അനുവദിച്ചില്ല. ടൈറ്റൻസിനായി മോഹിത് ശർമ മൂന്നു വിക്കറ്റുകൾ നേടി.
മറുപടി ബാറ്റിങ്ങിൽ 36 പന്തിൽ 45 റൺസെടുത്ത സായ് സുദർശനാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ. മധ്യനിരയിൽ ഡേവിഡ് മില്ലർ 44 റൺസുമായി പുറത്താകാതെനിന്നു. നായകൻ ശുഭ്മാൻ ഗിൽ 36ഉം വൃദ്ധിമാൻ സാഹ 25 ഉം റൺസെടുത്തു. ജയത്തോടെ നാലു പോയിന്റുമായി ഗുജറാത്ത് ടൈറ്റൻസ് നാലാം സ്ഥാനത്തേക്ക് ഉയർന്നു. ഒരു കളി മാത്രം ജയിച്ച ഹൈദരാബാദ് രണ്ടു പോയിന്റുമായി ആറാമതാണ്.