അഹമ്മദാബാദ് : ഗുജറാത്തില്‍ നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് നരബലിയെന്ന് സംശയം. ഛോട്ട ഉദയ്പൂര്‍ ജില്ലയിലെ ബോഡേലി താലൂക്കില്‍ നാലു വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ അയല്‍വാസി മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് കുട്ടിയുടെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകം പുറത്തുവന്നതെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ഗൗരവ് അഗര്‍വാള്‍ പറഞ്ഞു. അന്വേഷണത്തില്‍ അയല്‍വാസിയായ ലാലാ ഭായ് തദ്വിയുടെ ക്ഷേത്രത്തിന്റെ പടികളില്‍ രക്തം ഒഴുകിയ നിലയില്‍ കണ്ടെത്തിയിരുന്നു.
ഇതോടെയാണ് കുട്ടിയെ കൊലപ്പെടുത്തിയത് നരബലിക്കായിട്ടാണെന്ന് പൊലീസിന് സംശയം ഉയര്‍ന്നതെന്ന് എഎസ്പി ഗൗരവ് അഗര്‍വാള്‍ പറഞ്ഞു. പ്രതി ലാലാ ഭായ് തദ്വിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. തദ്വി ഒറ്റയ്ക്കാണോ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത് അതോ മറ്റുള്ളവര്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. പ്രതിയും പെണ്‍കുട്ടിയുടെ കുടുംബവും തമ്മില്‍ മുന്‍കാല തര്‍ക്കങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.