കൊച്ചി : കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്തപരിപാടി സംഘടിപ്പിച്ച സംഘാടകരുടെ സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ് നടത്തി സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം. തൃശൂരിലെ ഓസ്കര് ഇവന്റ്സ്, കൊച്ചിയിലെ ഇവന്റ്സ് ഇന്ത്യ, വയനാട്ടിലെ മൃദംഗവിഷന് എന്നീ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. ജിഎസ്ടി വെട്ടിപ്പ് നടന്നെന്ന പ്രാഥമിക സൂചനയെ തുടര്‍ന്നായിരുന്നു പരിശോധന.
ഈ നൃത്തപരിപാടിക്കിടെയാണ് വേദിയില്‍നിന്നുവീണ് ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേല്‍ക്കുന്നത്. സംഭവത്തില്‍ മൃദംഗവിഷന് പ്രൊപ്പൈറ്റര് എം നിഗോഷ് കുമാറിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഗിന്നസ് റെക്കോഡ് നൃത്ത പരിപാടിക്കിക്കായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം വിട്ടുനല്‍കിയതില്‍ ഉന്നതരുടെ ഇടപെടലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
പരിപാടിക്കായി സ്റ്റേഡിയം വിട്ടുനല്‍കാനാകില്ലെന്ന് സ്റ്റേഡിയം അധികൃതര്‍ ആദ്യം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞുകൊണ്ട് സ്റ്റേഡിയം മൃദംഗവിഷന് വിട്ടുനല്‍കുന്നത്. ഈ അപേക്ഷ പരിഗണിക്കാനാവില്ല.അന്താരാഷ്ട്ര നിലവാരത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ടര്‍ഫ് സ്റ്റേഡിയത്തിലുണ്ട്. മറ്റ് പരിപാടികള്‍ നടത്തുന്നത് ടര്‍ഫിനെ ബാധിച്ചേക്കുമെന്നും എസ്റ്റേറ്റ് വിഭാഗം കണ്ടെത്തിയതായി ജിസിഡിഎ രേഖകളില്‍ പറയുന്നു. എന്നാല്‍, ഈ തീരുമാനം പിന്നീട് അട്ടിമറിച്ചായിരുന്നു സ്റ്റേഡിയം മൃദംഗവിഷന് ലഭിച്ചത്.