കോഴിക്കോട്: മിഠായിത്തെരുവില്‍ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ 27 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. പ്രദേശത്തെ 25 ഓളം കടകളിലാണ് രാവിലെ 9:30 മുതല്‍ ഒരേ സമയം പരിശോധന നടന്നത്.
ഒരേ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലാണ് തട്ടിപ്പ് കണ്ടെത്തിയതെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ ജി.അശോക് പറഞ്ഞു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ കടകളില്‍ പരിശോധന നടത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ കച്ചവടക്കാര്‍ കടയ്ക്കുള്ളില്‍ പൂട്ടിയിട്ടത് നേരിയ സംഘര്‍ഷത്തിനിടയാക്കി. ലേഡീസ് വേള്‍ഡ് എന്ന കടയില്‍ പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. കണക്കില്‍ പൊരുത്തക്കേടുകളുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതിന് പിന്നാലെ കടയിലെ ലൈറ്റുകള്‍ അണച്ചശേഷം ഷട്ടര്‍ താഴ്ത്തി ഉദ്യോഗസ്ഥരെ പൂട്ടിയിടുകയായിരുന്നു. പിന്നാലെ ഏറെ നേരം ഉദ്യോഗസ്ഥരും കച്ചവടക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി.