തിരുവനന്തപുരം : ജിഎസ്ടി ഇന്റലിജൻസ് വിഭാഗം ആറുമാസത്തിനുള്ളിൽ നികുതി വെട്ടിപ്പുകാരിൽനിന്ന് ആയിരം കോടിയിലധികം രൂപ തിരിച്ചുപിടിച്ചു. രണ്ടുപതിറ്റാണ്ടിലെ ഇന്റലിജൻസ് വിഭാഗത്തിന്റെ പ്രവർത്തനത്തിലൂടെ ലഭിച്ച വരുമാനത്തേക്കാൾ കൂടുതലാണിത്.
വെട്ടിച്ച നികുതിയും പിഴയുമായി ജൂണിൽമാത്രം സർക്കാരിന് 73.11 കോടി രൂപ ലഭിച്ചു. കഴിഞ്ഞമാസം അന്വേഷണത്തിന് തുടക്കമിട്ട 82 നികുതി തട്ടിപ്പുകേസിൽ 31 എണ്ണം പൂർത്തിയാക്കിയപ്പോഴാണ് ഇത്രയും തുക ഖജനാവിൽ എത്തിയത്. ഈ സാമ്പത്തികവർഷത്തിൽ ജൂൺവരെ 199 അന്വേഷണത്തിനാണ് തുടക്കമിട്ടത്. ഇതിൽ 56 എണ്ണം പൂർത്തിയാക്കിയപ്പോൾ 922.74 കോടി രൂപയുടെ നികുതി വെട്ടിപ്പുകൾ കണ്ടെത്തി. പിഴ ഉൾപ്പെടെ 965.30 കോടി രൂപ തിരിച്ചുപിടിച്ചു.
ജിഎസ്ടി വകുപ്പ് പുനഃസംഘടനയിൽ ഇന്റലിജൻസ് വിഭാഗം ശക്തിപ്പെടുത്തിയതാണ് വരുമാനം കൂടാൻ കാരണം. 2020–-21ൽ നാലര കോടി രൂപയാണ് ഇന്റലിജൻസ് പരിശോധനകളിലൂടെ ലഭിച്ചത്. വാഹന പരിശോധനയിൽ മുപ്പത് കോടിയോളം രൂപയും പിരിച്ചെടുത്തു. അന്ന് പ്രധാനമായും വാഹന പരിശോധനയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം ഇന്റലിജൻസ് പരിശോധനകളുടെ ഫലമായി നികുതിദായകർ സ്വയംഅടച്ച തുക 465 കോടിയായി. ഇന്റലിജൻസ് ഇപ്പോൾ പരിശോധിക്കുന്നത് കഴിഞ്ഞ അഞ്ചുവർഷത്തെ കണക്കുകളാണ്. നികുതി വെട്ടിപ്പ് നടപടിയിൽ അഞ്ചുവർഷത്തിനിടയിൽ എപ്പോൾ പിടിവീണാലും, അഞ്ചുവർഷത്തെ തട്ടിപ്പിന് പിഴ സഹിതം തുക അടയ്ക്കേണ്ടിവരും.