തിരുവനന്തപുരം: തൊഴിൽ നൽകാമെന്ന പേരിൽ അതിഥി തൊഴിലാളികളുടെ രേഖകൾ വാങ്ങിയും സംസ്ഥാനത്ത് ജി.എസ്.ടി തട്ടിപ്പ് നടത്തിയതായി കണ്ടെത്തൽ. ആക്രി വ്യാപാരത്തിനാണ് വ്യാജ രജിസ്ട്രേഷനുകൾ ഉപയോഗപ്പെടുത്തിയത്. ജി.എസ്.ടി വകുപ്പ് നടത്തിയ ‘ഓപറേഷൻ പാം ട്രീ’ എന്ന പേരിലുള്ള പരിശോധനയിലാണ് 209 കോടി രൂപയുടെ ജി.എസ്.ടി വെട്ടിപ്പ് കണ്ടെത്തിയത്.
ആക്രി വ്യാപാര മേഖലയിൽ ഇന്ന് സംസ്ഥാനത്തുടനീളം ജി.എസ്.ടി വകുപ്പ് രാവിലെ മുതൽ പരിശോധന നടത്തിയിരുന്നു. ഏഴ് ജില്ലകളിലായി 150 കേന്ദ്രങ്ങളിലാണു പരിശോധന നടന്നത്. 300ഓളം ഉദ്യോഗസ്ഥർ ഭാഗമായ ഓപറേഷനിൽ 1,170 കോടി രൂപയുടെ ഇടപാട് നടന്നതായി കണ്ടെത്തി. അനധികൃതമായ രജിസ്ട്രേഷനിലൂടെ 209 കോടി രൂപയുടെ വെട്ടിപ്പാണു നടന്നത്. വ്യാപാരികൾ സ്വന്തം പേരിനു പകരം അതിഥി തൊഴിലാളികളുടെ രേഖകൾ ഉപയോഗിച്ച് അവരുടെ പേരിൽ ജി.എസ്.ടി രജിസ്ട്രേഷൻ നടത്തുകയാണു ചെയ്യുന്നത്. നികുതിബാധ്യത സ്വന്തം പേരിൽനിന്ന് ഒഴിവാക്കാനായാണ് ഇത്തരമൊരു നടപടി.