ന്യൂഡൽഹി: ക്യാൻസർ ചികിത്സയ്ക്കുള്ള മൂന്ന് മരുന്നുകളുടെ നികുതി കുറയ്ക്കാൻ ജി.എസ്.ടി കൗൺസിൽ യോഗത്തിൽ തീരുമാനം. ട്രാസ്റ്റുസുമാബ് ഡെറക്സ്റ്റേക്കൻ,ഒസിമെർട്ടിനിബ്,ദുർവാലുമാബ് എന്നിവയുടെ ജി.എസ്.ടി നിരക്ക് 12ൽ നിന്ന് 5 ശതമാനമായാണ് കുറയ്ക്കുക.ആരോഗ്യ ഇൻഷ്വറൻസ് സേവനത്തിനുള്ള ജി.എസ്.ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കെ.എൻ.ബാലഗോപാൽ ഉൾപ്പെടെയുള്ള മന്ത്രിമാരടങ്ങിയ ഉപസമിതി ചർച്ച ചെയ്ത് ഒക്ടോബർ അവസാനത്തോടെ റിപ്പോർട്ട് സമർപ്പിക്കുമെന്നും കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ അറിയിച്ചു. അതേസമയം ഓൺലൈൻ ഇടപാടുകളുടെ ജി.എസ്.ടി ഫിറ്റ്മെന്റ് കമ്മിറ്റിക്ക് വിട്ടു. ജി.എസ്.ടി കൂട്ടിയിട്ടും ഓൺലൈൻ ഗെയിമുകളുടെ വരുമാനത്തിൽ കുതിച്ചുചാട്ടമുണ്ടായെന്നും മന്ത്രി വ്യക്തമാക്കി.
ജി.എസ്.ടി ഒഴിവാക്കി
അംഗീകൃത സ്ഥാപനങ്ങളുടെ ഫ്ലൈയിംഗ് ട്രെയിനിംഗ് കോഴ്സുകൾ,സർവകലാശാലകൾ-കോളേജുകൾ തുടങ്ങിയവയുടെ സർക്കാർ,സ്വകാര്യ ഗ്രാന്റുകൾ ഉപയോഗിച്ചുള്ള ഗവേഷണ വികസന സേവനങ്ങൾ,വിദേശ എയർലൈൻ കമ്പനിയുടെ സേവനങ്ങൾ.
വില കുറയും
എക്സ്ട്രൂഷൻ പ്രക്രിയയിലൂടെ നിർമ്മിച്ച ഉപ്പിട്ട,പായ്ക്ക് ചെയ്ത ഭക്ഷ്യ ഉത്പന്നങ്ങളുടെ ജി.എസ്.ടി 18ൽ നിന്ന് 12 ശതമാനമാക്കി.
തീർത്ഥാടനയാത്രയടക്കം ഹെലികോപ്ടറുകളിൽ യാത്രക്കാർ ഇരിപ്പിടം പങ്കിടുമ്പോൾ അഞ്ചു ശതമാനം ജി.എസ്.ടി (ഹെലികോപ്ടർ ചാർട്ടർ ചെയ്യുന്നതിന് 18% തുടരും)
വില കൂടും:
കാർ,മോട്ടോർ സൈക്കിൾ സീറ്റുകളുടെ ജി.എസ്.ടി 18%ൽ നിന്ന് 28% ആയി ഉയർത്തി.
മറ്റ് തിരുമാനങ്ങൾ
രജിസ്റ്റർ ചെയ്യാത്ത വ്യക്തിക്ക് ലോഹങ്ങളുടെ ആക്രി നൽകുന്നതിന് റിവേഴ്സ് ചാർജ് മെക്കാനിസം
(ആർ.സി.എം). രജിസ്റ്റർ ചെയ്ത വ്യക്തി ലോഹ ആക്രി വിതരണം ചെയ്യുമ്പോൾ രണ്ടു ശതമാനം ആദായ നികുതി.
സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാര സെസിന്റെ കാര്യത്തിൽ 2026 മാർച്ചിന് മുമ്പ് തീരുമാനം. അതിന് ശേഷമുള്ള സെസിന്റെ കാര്യം തീരുമാനിക്കാൻ ഉപസമിതി.
തിരഞ്ഞെടുത്ത സംസ്ഥാനങ്ങളിൽ ഉപഭോക്താക്കൾക്ക് ബി-ടു-സി ഇ-ഇൻവോയ്സിംഗ്