ഇടുക്കി: പാർട്ടി കോൺഗ്രസിന് മുന്നോടിയായി ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചതിനൊപ്പം ജില്ലയിൽ സിപിഐയിൽ ചേരിതിരിവ് രൂക്ഷം. ജില്ലയിലെ സംഘടനാ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ജില്ലാ കമ്മിറ്റി ചേരണമെന്ന ഒരു വിഭാഗത്തിൻ്റെ ആവശ്യം നിലനിൽക്കെയാണ് ബ്രാഞ്ച് സമ്മേളനങ്ങൾക്ക് പതാക ഉയർന്നത്. ഇതേ സമയം കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ എക്സിക്യൂട്ടീവിൽ ചേരിതിരിവ് പ്രകടമാകുകയും ആരോപണ പ്രത്യാരോപണങ്ങൾക്ക് വേദിയാകുകയും ചെയ്തു.
ജില്ലാ സെക്രട്ടറി സലിംകുമാറിൻ്റെ ആഡംബര ജീവിതവും ചൊക്രമുടിയിൽ അടക്കം കയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നുവെന്നുമാണ് മറുവിഭാഗം ആരോപിക്കുന്നത്. അടുത്ത തവണ പീരുമേട് മണ്ഡലത്തിൽ മൽസരിക്കുന്നതിന് കളമൊരുക്കാൻ വാഴൂർ സോമൻ എംഎൽഎക്കെതിരെയും നീക്കം നടക്കുന്നു. കട്ടപ്പനയിൽ വ്യാപാരി സോമൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുൻ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ സിപിഎമ്മിന് എതിരെ നടത്തിയ പ്രസ്താവനക്കെതിരെ സലിംകുമാർ വിഭാഗം രംഗത്ത് വന്നു. എക്സിക്യൂട്ടീവിൽ ചൂടേറിയ ചർച്ചയ്ക്ക് ഇത് കാരണമായി. ശിവരാമൻ്റെ പ്രസ്താവന ജനപക്ഷത്ത് നിന്നുള്ളതാണെന്നും ഈ പ്രശ്നത്തിൽ ജില്ലാ സെൻ്റർ പരാജയപ്പെട്ടുവെന്നും മുൻ എം എൽ എ ബിജിമോൾ അടക്കമുള്ളവർ ആരോപിച്ചു.
കോൺഗ്രസും ബിജെപിയും ശിവരാമനെ പിന്തുണച്ചതും അവർ ചൂണ്ടിക്കാട്ടി. സിപിഎമ്മിനെ പ്രീതിപ്പെടുക്കാനാണ് ജില്ലാ സെക്രട്ടറി ശ്രമിക്കുന്നതെന്നാണ് മറുവിഭാഗം ആരോപിച്ചത്. തൊടുപുഴയിൽ യുവകലാസാഹിതി സംഘടിപ്പിച്ച ചടങ്ങിൽ പാർട്ടി ജില്ലാ സെക്രട്ടറിയെ പങ്കെടുപ്പിക്കാത്തതും ചർച്ചയായി. ലോക്കൽ, മണ്ഡലം സമ്മേളനങ്ങൾ ആരംഭിക്കുന്നതോടെ വിഭാഗിയത രൂക്ഷമാകുമെന്നാണ് സൂചന. സലിംകുമാറിൻ്റെ മകളുടെ വിവാഹം, ലഭിച്ച സമ്മാനങ്ങൾ, ജില്ലാ സെക്രട്ടറിയുടെ വാഹനം വാങ്ങൽ, വീട് നിർമ്മാണം എന്നിവ ആയുധമാക്കുകയാണ് മറുവിഭാഗം. ജില്ലയിലെ ഏക എംഎൽഎ വാഴൂർ സോമനെ പ്രതികൂട്ടിലാക്കി ചർച്ച വഴി തിരിച്ച് വിടാനാണ് സലിംകുമാർ പക്ഷത്തിൻ്റെ നീക്കം