ഒരു തെരെഞ്ഞെടുപ്പ് തോറ്റാല്‍ എന്തൊക്കെ സംഭവിക്കും? ഇപ്പോള്‍ സിപിഎമ്മിലും സിപിഐയിലും നടക്കുന്നത് തന്നെ സംഭവിക്കുമെന്നാണ് ഈ ചോദ്യത്തിനുത്തരം. സിപിഎമ്മിലെ തിരുത്തല്‍ വാദത്തിന് പിന്നാലെ സിപിഐയിലും തിരുത്തലിനുള്ള ആവശ്യം അതിശക്തമായി ഉയരുകയാണ്. സിപിഎമ്മിലെ തിരുത്തലുകാരുടെ യഥാര്‍ത്ഥ ലക്ഷ്യം പിണറായി ആണെന്നത് പോലെ സിപിഐയിലെ വിപ്ളവകാരികളുടെ ലക്ഷ്യം സാക്ഷാല്‍ ബിനോയ് വിശ്വം തന്നെയാണ്.
തൃശൂരിലെ പരാജയത്തില്‍ നിന്നും ഇനിയും മോചിതനായിട്ടില്ലാത്ത വിഎസ് സുനില്‍കുമാറാണ് സിപിഐയില്‍ തിരുത്തല്‍ വാദത്തിന്റെ വെടിപൊട്ടിച്ചിരിക്കുന്നത്. സിപിഐയുടെ മന്ത്രിമാര്‍ സംസ്ഥാന എക്സിക്യൂട്ടിവില്‍ നിന്നൊഴിയണമെന്നും, പാര്‍ട്ടിപദവി വഹിക്കുമ്പോള്‍ അവര്‍ക്ക് ഭരണത്തില്‍ ശ്രദ്ധിക്കാന്‍ കഴിയില്ലെന്നുമുള്ള വാദം ഉയര്‍ത്തിയാണ് സുനില്‍കുമാറിനെ പിന്തുണക്കുന്നവര്‍ ആക്രമണം തുടങ്ങിവച്ചത്. ഇതു യഥാര്‍ത്ഥത്തില്‍ സംസ്ഥാന എക്സിക്യൂട്ടീവില്‍ ബിനോയ് വിശ്വത്തിന്റെ ശക്തികുറക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടായിരുന്നു. എന്നാല്‍ തന്റെ അനുയായികളെ അണിനിരത്തി ബിനോയിക്ക് അതു ചെറുക്കാന്‍ കഴിഞ്ഞു.
പിപി സുനീറിനെ രാജ്യസഭയിലേക്ക് അയച്ചത് ശരിയായില്ലന്നും സീനിയര്‍ ആയ നേതാക്കളെയാരെയെങ്കിലുമാണ് അയക്കേണ്ടിയിരുന്നതെന്നും പറഞ്ഞ് സംസ്ഥാനഎക്സിക്യൂട്ടീവില്‍ വിഎസ് സുനില്‍കുമാര്‍ കടുത്ത ആക്രമണമാണ് ബിനോയ് വിശ്വത്തിനെതിരെ നടത്തിയത്. ഇതിനെതിരെ ബിനോയ് വിശ്വത്തിന്റെ അനുയായിയായ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ രംഗത്തുവരികയും ചെയ്തു. നാല്‍പ്പത് വയസിന് മുമ്പ് എംഎല്‍എ ആവുകയും, അമ്പത് വയസിന് മുമ്പ് മന്ത്രിയാവുകയും ചെയ്തയാളാണ് ഇത് പറയുന്നതെന്ന് പറഞ്ഞ് വിഎസ് സുനില്‍കുമാറിനെ അരുണ്‍ പരിഹസിക്കുകയും ചെയ്തു.
മുഖ്യമന്ത്രിക്കെതിരെ സിപിഐയുടെ യോഗങ്ങളില്‍ ആരോപണങ്ങള്‍ ഉയരുന്നതില്‍ ബിനോയ് വിശ്വം അസ്വസ്ഥനാണ്. ഇക്കാര്യത്തില്‍ സിപിഎമ്മില്‍ നിന്നും ചെറുതല്ലാത്ത സമ്മര്‍ദ്ദം അദ്ദേഹം നേരിടുന്നുമുണ്ട്. പരാജയത്തിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിയുടെ തലയില്‍ മാത്രം വച്ചുകെട്ടുന്നത്് ശരിയല്ലന്നുമുള്ള നിലപാട് ബിനോയ് വിശ്വത്തിന് കൈക്കൊള്ളേണ്ടി വന്നു. മാത്രമല്ല മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ സംസ്ഥാന എക്സിക്യൂട്ടീവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഒഴിവാക്കുകയും ചെയ്തു.
പിണറായി വിജയന്റെ നേരെ നിന്ന് സംസാരിക്കാന്‍ സികെ ചന്ദ്രപ്പനുശേഷം സിപിഐയില്‍ ഒരു നേതാവുണ്ടായിട്ടില്ലന്ന പരാതി ആ പാര്ട്ടിയില്ശക്തമാണ്. കാനം രാജേന്ദ്രന് പോലും പലപ്പോഴും പിണറായി വിജയന്റെ ആശ്രിതനായി നിലകൊള്ളുകയായിരുന്നു. ഇതേ തുടര്‍ന്ന് സിപിഐക്കുള്ളില്‍ നിന്നുതന്നെ നിരവധി വിമതശബ്ദങ്ങള്‍ അദ്ദേഹത്തിനെതിരെ ഉയരുകയും ചെയ്തു. ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയായപ്പോഴും ഇതേ വിഷയങ്ങള്‍ ഉയര്‍ന്നുവന്നു. ഇടതുമുന്നണിയിലെ രണ്ടാമത്തെ ഘടകകക്ഷിയെന്ന നിലയില്‍ ഒന്നാമത്തെ കക്ഷിയായ സിപിഎമ്മിനോട് ഏറ്റുമുട്ടുന്നതിനോട് പരിധിയുണ്ടെന്നത് നേരാണ്. എന്നാല്‍ സിപിഐയുടെ അണികള്‍ ഭൂരിഭാഗവും കടുത്ത സിപിഎം വിരോധികളാണ്. സിപിഎമ്മുമായുള്ള രാഷ്ട്രീയ കൂട്ടുകെട്ടുപേക്ഷിച്ചു പഴയ കോണ്‍ഗ്രസ് ബന്ധം പൊടിതട്ടിയെടുക്കണമെന്ന് വാദിക്കുന്നവര്‍ പോലും ആ പാര്‍ട്ടിയിലുണ്ട്. സിപിഎമ്മിനെന്നപോലെ സിപിഐക്കും ഭരണമുള്ളത് കേരളത്തില്‍ മാത്രമാണ്. സിപിഎമ്മിനെ പോലെ സിപിഐയുടെ അഖിലേന്ത്യ സംവിധാനം നിലനില്ക്കുന്നതും കേരളത്തില്‍ ഭരണമുള്ളത് കൊണ്ടുമാത്രമാണ്.
ഇതൊക്കെയാണ് വസ്തുതയെന്നിരിക്കെ സിപിഎമ്മുമായി ഏറ്റുമുട്ടുന്നതിനോ, ലോക്സഭാ തെരെഞ്ഞെടുപ്പിലെ പരാജയത്തിന്റെ പേരില്‍ കടുത്ത സിപിഎം- പിണറായി വിമര്‍ശനങ്ങള്‍ നടത്തുന്നതിലൊ യാതൊരു അര്ത്ഥവുമില്ലന്നാണ് സിപിഐയിലെ പ്രബല വിഭാഗം വിശ്വസിക്കുന്നത്. നിലവില്‍ കേരളത്തിലുള്ള മുന്നണി സംവിധാനത്തില്‍ വലിയ മാറ്റങ്ങളൊന്നും വരാന്‍ ഉടന്‍ സാധ്യതയില്ലന്നിരിക്കെ അതിരുകടന്ന സിപിഎം വിമര്‍ശനത്തിന്റെ കാര്യമെന്തെന്നാണെന്നാണ് സിപിഐയിലെ ‘ ഔദ്യോഗിക’ പക്ഷത്തിന്റെ ചോദ്യം. അതേ സമയം സിപിഎമ്മിന്റെ ചെയ്തികളുടെ പാപഭാരം സിപിഐ കൂടി ഏറ്റെടുത്ത്് ജനങ്ങളുടെ എതിര്‍പ്പ് വാങ്ങിവയ്ക്കണോ എന്നാണ് ‘ വിമത’ പക്ഷത്തിന്റെ ചോദ്യം. രണ്ടു ചോദ്യങ്ങള്‍ക്കും നിലവില്‍ പ്രസക്തിയുണ്ടെന്നതാണ് സിപിഐയെ പ്രതിസന്ധിയിലാക്കുന്നതും.