ഒന്നരദശാബ്ദക്കാലത്തെ നിശബ്ദതക്ക് ശേഷം കേരളത്തിലെ സിപിഎമ്മില്‍ വീണ്ടും വിഭാഗീയതയുടെ കനലുകള്‍ എരിഞ്ഞുതുടങ്ങിയെന്ന സന്ദേശം വളരെ ഗൗരവത്തോടെയാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം കാണുന്നത്. ലോക്സഭാ തെരെഞ്ഞെടുപ്പിലേറ്റ വമ്പിച്ച പരാജയത്തെക്കുറിച്ച് ജില്ലാ കമ്മിറ്റികളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ വിഭാഗീയതയുടെ ചൂടും ചൂരും ഉയരുന്നുണ്ടെന്ന് തന്നെയാണ് സിപിഎം നേതൃത്വം കരുതുന്നത്. ജില്ലാ കമ്മിറ്റിയിലെ ചര്‍ച്ചയിലെല്ലാം മുഖ്യമന്ത്രിക്കും പൊതുമരാമത്തു മന്ത്രിക്കും എതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇത് മനപ്പൂര്‍വ്വമാണെന്നാണ് സിപിഎം നേതൃത്വം കരുതുന്നത്.
1991 കോഴിക്കോട് സമ്മേളനത്തില്‍ വിഎസിനെ പരാജയപ്പെടുത്തി നായനാര്‍ സംസ്ഥാന സെക്രട്ടറിയായതോടെയാണ് സിപിഎമ്മിലെ വിഭാഗീയതക്ക് തുടക്കം കുറിച്ചത്. 1994 ലെ കൊല്ലം സമ്മേളനത്തില്‍ വിഭാഗീയത അതിശക്തമായി. പാര്‍ട്ടി പിടിക്കാന്‍ വിഎസ് അച്യുതാനന്ദന് നടത്തിയ നീക്കത്തെ ഇഎംഎസിന്റെ സഹായത്തോടെ സിഐടിയു പക്ഷം തകര്‍ത്തു. എന്നാല്‍ 1998 ലെ പാലക്കാട് സമ്മേളനത്തില്‍ വിഎസ് അച്യുതാനന്ദന് പാര്‍ട്ടി പിടിച്ചെടുത്തു. ഇഎംസ് പോലും അവസാനത്തെയാളായാണ് സംസ്ഥാന കമ്മിറ്റിയിലെത്തിയത്. ഇഎംഎസിന്റെ മരണശേഷം നാഥനില്ലാതായ സിഐടിയു പക്ഷത്തെ വിഎസ് അച്യുതാനന്ദന് അക്ഷാരാര്‍ത്ഥത്തില്‍ നിഷ്കാസനം ചെയ്യുകയായിരുന്നു. വിബി ചെറിയാനടക്കമുള്ളവര്ക്ക് പാര്‍ട്ടിക്ക് പുറത്തുപോകേണ്ടി വന്നപ്പോള്‍ എംഎം ലോറന്സിനപ്പോലുള്ള അതികായരെ കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ഏരിയാ കമ്മിറ്റിയിലേക്കൊതുക്കി.
1998 ല്‍ ചടയന്‍ ഗോവിന്ദന്റെ മരണശേഷം പിണറായി വിജയന് സിപിഎം സംസ്ഥാന സെക്രട്ടറിയായതോടെ വിഭാഗീയത അതിന്റെ സമസ്ത രൂപങ്ങളും പുറത്തെടുത്തു. സിപിഎമ്മിന്റെ ചരിത്രത്തിലാദ്യമായി പാര്‍ട്ടിയില്‍ വിഎസ് – പിണറായി പക്ഷങ്ങള്‍ ആധികാരികമായി സ്ഥാപിക്കപ്പെട്ടു. പാര്‍ട്ടി പിണറായി പിടിച്ചപ്പോള്‍ ജനങ്ങളെ അണിനിരത്തി, പരിസ്ഥിതി- ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്തു വിഎസ് പാര്‍ട്ടിയെ വെല്ലുവിളിച്ചു. അവസാനം വിഎസ് അച്യുതാനന്ദനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പറഞ്ഞു 2006 ലെ തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും പരസ്യമായി പ്രകടനം നടത്തുന്ന സ്ഥിതിയുണ്ടായി. മുഖ്യമന്ത്രിയായതിന് ശേഷവും പിണറായി വിഎസ് ഏറ്റുമുട്ടലുകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. അവസാനം 2015 ലെ ആലപ്പുഴ സമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന് സംസ്ഥാന സെക്രട്ടറിയാവുകയും വിഎസ് പതിയെ പിന്‍വാങ്ങുകയും ചെയ്തതോടെ ആ വിഭാഗീയതക്ക് അവസാനമായി.
എന്നാല്‍ 2024 ലെ ലോക്സഭാ തെരെഞ്ഞെടുപ്പിന് ശേഷം പഴയതില്‍ നിന്നും പൂര്‍ണ്ണമായും വ്യത്യസ്തമായ രീതിയിലൊരു വിഭാഗീയത സിപിഎമ്മില്‍ രൂപപ്പെടുന്നുണ്ടോ എന്ന സംശയം സംസ്ഥാന നേതൃത്വത്തിനുണ്ട്. പിണറായി വിജയനും അദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവും പൊതുമരാമത്ത് മന്ത്രിയുമായ മുഹമ്മദ് റിയാസിനും എതിരെ ജില്ലാ കമ്മിറ്റികളില്‍ നടക്കുന്ന ശക്തിയായവിമര്ശനങ്ങളാണ് ഇത്തരത്തില്‍ വായിച്ചെടുക്കാന്‍ സംസ്ഥാന നേതൃത്വത്തെ പ്രേരിപ്പിച്ചത്. പരാജയത്തിന്റെ ഉത്തരവാദിത്തം പിണറായി വിജയനിലും മുഹമ്മദ് റിയാസിലും മാത്രം വച്ചുകെട്ടുന്ന തരത്തില്‍ ആസൂത്രിതമായ ആരോപണപ്പെരുമഴയാണ് ചര്‍ച്ചകള്‍ എന്ന പേരില്‍ ജില്ലാ കമ്മിറ്റികളില്‍ നടക്കുന്നതെന്ന് ഇവയില്‍ പങ്കെടുക്കുന്ന സംസ്ഥാന നേതാക്കള്‍ സംസ്ഥാന സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും നടക്കുന്ന ചര്‍ച്ചകളില്‍ സിപിഎം സംസ്ഥാന സെന്ററിന്റെ പ്രതിനിധി എന്ന നിലയില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങള്‍ പങ്കെടുക്കുന്നുണ്ട്. അവര്‍ നല്കുന്ന റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടിയില്‍ വിഭാഗീയത വീണ്ടും ചൂടുപിടിക്കുന്നു എന്ന സൂചന തന്നെയാണ് നല്‍കുന്നത്.
തിരുവനന്തപുരം പോലുള്ള ജില്ലകളില്‍ ചര്‍ച്ചകളുടെ ദിശപോലും മാറിപ്പോയി. വിമര്‍ശനത്തിന്റെ പേരില്‍ ജില്ലാ കമ്മിറ്റിയംഗത്തിനെതിരെ നടപടിയെടുക്കുന്ന നിലപോലും വന്നു. സാധാരണഗതിയില്‍ സിപിഎമ്മില്‍ നടക്കുന്ന ആഭ്യന്തര ചര്‍ച്ചകളുടെ പേരില്‍ ആര്‍ക്കെതിരെയും നടപടിയെടുക്കാറില്ല. കാരണം ഉള്‍പ്പാര്‍ട്ടി വിമര്‍ശനം എന്നത് വിപ്ളവപാര്ട്ടിക്ക് ഏറ്റവും അത്യന്താപേക്ഷിതമാണ്. പാര്‍ട്ടി കമ്മിറ്റിക്കുള്ളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ കേന്ദ്ര കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയെ വരെ മുടിനാരിഴകീറി വിമര്‍ശിക്കാം.അതിന്റെ പേരില്‍ ആര്‍ക്കെതിരെയും നടപടിയെടുക്കുക സാധ്യമല്ല. എന്നാല്‍ ഇപ്പോള്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ പാര്‍ട്ടിക്കുള്ളില്‍ ചില ശാക്തികച്ചേരികള്‍ രൂപപ്പെടുത്തിന്റെ സൂചനയാണെന്ന് സിപിഎം നേതൃത്വം കരുതുന്നു.
കണ്ണൂരിൽ പി ജയരാജനും മകനുമെതിരെ ക്വട്ടേഷന്‍ ആരോപണം ഉയര്‍ത്തിയ മനുതോമസും, തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്കും മുഹമ്മദ് റിയാസിനും സ്പീക്കര്‍ ഷംസീറിനുമെതിരെ കടുത്ത വിമര്‍ശനം നടത്തിയ കരമന ജയനുമെല്ലാം ഇത്തരം വിഭാഗീയതയുടെ പുതിയ അജണ്ടകള്‍ പേറുന്നവരാണോഎന്ന സംശയമാണ് സംസ്ഥാന നേതൃത്വം ഉയര്‍ത്തുന്നത്. സിപിഎമ്മിന്റെ പാര്‍ട്ടി സമ്മേളനങ്ങള്‍ ഒക്ടോബറില്‍ തുടങ്ങുകയാണ്. അപ്പോള്‍ അറിയാം വിഭാഗീയത വീണ്ടും രൂപപ്പെട്ടോ, അതിന്റെ ആഴം എത്രയാണ് എന്നൊക്കെ