കേരളത്തിലെ കോണ്‍ഗ്രസില്‍ കലാപത്തിന്റെ പഴയനാളുകള്‍ തിരിച്ചുവരികയാണോ? കെപിസിസി അധ്യക്ഷപദവി വീണ്ടും ഏറ്റെടുക്കാന്‍ ഇന്ദിരാഭവനിലെത്തിയ കെ സുധാകരന് നല്കുന്ന സൂചനയതാണ്. സുധാകരന് കണ്ണൂരില്‍ മല്‍സരിക്കാന്‍ പോയതുകൊണ്ട് കെപിസിസി അധ്യക്ഷന്റെ ചുമതല താല്‍ക്കാലികമായി നല്‍കിയത് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനായിരുന്നു. കെ സുധാകരന് തിരിച്ചു ചുമതല കൈമാറേണ്ടതും ചട്ടപ്രകാരം എംഎം ഹസനായിരുന്നു. എന്നാല്‍ അദ്ദേഹവും പ്രതിപക്ഷ നേതാവ് സതീശനും മറ്റു കോണ്‍ഗ്രസ് നേതാക്കന്മാരുമൊന്നും സുധാകരന് വീണ്ടും സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിനെത്തിയിരുന്നില്ല. ഇതോടെ കെ സുധാകരന് ഒരു ഭാഗത്തും വിഡി സതീശന് – കെസി വേണുഗോപാല്‍ സഖ്യം ഒരു ഭാഗത്തുമായി പുതിയ ശാക്തിക ചേരി കോണ്‍ഗ്രസില്‍ രൂപപ്പെടുകയാണ്.
ജൂൺ നാലിന് ശേഷം സ്ഥാനമേറ്റെടുത്താല്‍ മതിയെന്ന് സുധാകരന് നല്കിയ ആദ്യ നിര്‍ദേശം ഹൈക്കമാന്‍ഡ് പിന്‍വലിച്ചത് എകെ ആന്റണി നടത്തിയ കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് .സുധാകരനെ അപമാനിക്കരുതെന്നും അത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും ആന്റണി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെക്ക് മുന്നറിയിപ്പ് നല്കിയതും, ഖാര്‍ഗേ അത് അംഗീകരിച്ചതുമാണ് തല്‍ക്കാലത്തേക്കെങ്കിലും കോണ്‍ഗ്രസിനുള്ളില്‍ സമാധാനാന്തരീക്ഷം സൃഷ്ടിച്ചത്.താന്‍ കെപിസിസി അധ്യക്ഷനായതു മുതല്‍ പ്രതിപക്ഷ നേതാവ് വിഡിസതീശനും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും തന്നെ ഒതുക്കി മൂലക്കിരുത്താന്‍ ശ്രമിക്കുകയാണെന്ന പരാതി സുധാകരന് ആദ്യം മുതലേ ഉണ്ടായിരുന്നു.
പിണറായി വിജയന് ഒത്ത എതിരാളിയായി താന്‍ മാത്രമേ കോണ്ഗ്രസിലുള്ളുവെന്നും മറ്റുള്ളവരെല്ലാം പിണറായിയെ പേടിക്കുന്നുവരാണെന്നുമുള്ള ധാരണ പരത്താന്‍ സുധാകരനും ശ്രമിച്ചു. എത്ര അഭിപ്രായഭിന്നതയുണ്ടെങ്കിലും കെപിസിസി അധ്യക്ഷനും നിയമസഭാകക്ഷി നേതാവും തമ്മില്‍ പാര്‍ട്ടിയെ നയിക്കുന്ന കാര്യത്തില്‍ എക്കാലവും ഒരു പരസ്പരധാരണയുണ്ടായിരുന്നു. കെ കരുണാകരനും എകെ ആന്റണിയും തമ്മിലായാലും, ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മിലായാലും ഇത്തരത്തില്‍ ഒരു മികച്ച ധാരണ രൂപപ്പെട്ടിരുന്നു. അങ്ങിനെയൊരു സമന്വയവും ധാരണയും ഉണ്ടെങ്കില്‍ മാത്രമേ കോണ്‍ഗ്രസ് പോലെ വൈവിധ്യങ്ങള്‍ അനവധിയുള്ള പാർട്ടിയെ നയിക്കാന്‍ കഴിയുകയുമുള്ളു.
എന്നാല്‍ പലപ്പോഴും നിയമസഭാ കക്ഷി നേതാവും കെപിസിസി അധ്യക്ഷനും തമ്മില്‍ പൊതുവേദികളില്‍ വച്ച് പരസ്യമായ ഏറ്റുമുട്ടലുകള്‍ നടക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി. ഇക്കാര്യത്തില്‍ രണ്ടുപേരുടെയും പക്വതക്കുറവും വലിയ കാരണമായി. കെ സുധാകരനും വിഡി സതീശനുമുള്ള മറ്റൊരു പ്രശ്നം പാര്‍ട്ടിയുടെ പ്രമുഖതലങ്ങളില് പ്രവര്‍ത്തിച്ച അനുഭവസമ്പത്തില്ലാ എന്നതാണ്. അതുകൊണ്ട് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള കോണ്‍ഗ്രസ് നേതാക്കളുമായി ഇവര്‍ക്ക് രണ്ടുപേര്‍ക്കും വ്യക്തിബന്ധം നന്നേ കുറവുമാണ്. രണ്ടുനേതാക്കള്‍ക്കും ഏതെങ്കിലും ജില്ലയിലെ തങ്ങളുടെ പരിപാടികള്‍ വിജയിപ്പിക്കണമെങ്കില്‍ അവിടുത്തെ എ, ഐ ഗ്രൂപ്പുകളുടെ സഹായം തേടേണ്ടിയും വരും. ഇത്തരത്തില്‍ ഇവര്‍ക്കുള്ള രാഷ്ട്രീയ ബലഹീനതയും കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ നിരവധി പ്രശ്നങ്ങള്‍ക്ക് വഴിവയ്കുന്നുണ്ട്.
ജൂൺ നാലിന് ശേഷം ഇന്ത്യയിലെ എല്ലാ പിസിസികളിലും പുനസംഘടനയുണ്ടാകുമെന്നുറപ്പാണ്. അപ്പോള്‍ കെ സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റാമെന്ന നിലപാടിലാണ് കെസി വേണുഗോപാലും വിഡി സതീശനും. എന്നാല്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിക്കഴിഞ്ഞാല്‍ കെ സുധാകരന് എങ്ങിനെ പ്രതികരിക്കുമെന്ന ഭയവും ഇരുവര്‍ക്കുമുണ്ട്.
തന്നെ മാറ്റിയാല്‍ താന്‍ കടുത്ത ഭാഷയില്‍ തന്നെ പ്രതികരിക്കുമെന്ന സൂചനയും കെ സുധാകരന് നല്‍കുന്നുണ്ട്. സുധാകരനെ കഴിവില്ലാത്ത ഒരു നേതാവായി ചിത്രീകരിക്കാന്‍ സതീശനും വേണുഗോപാലും ശ്രമിക്കുന്നുവെന്നും അതിന് താന്‍ തിരിച്ചടി നല്‍കാത്തത് ഈ സ്ഥാനത്തിരിക്കുന്നത് കൊണ്ടാണെന്നും കെ സുധാകരന് എകെ ആന്റണിയോട് പറഞ്ഞതായി സൂചനയുണ്ട്. എന്നുവച്ചാല്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് മാറ്റിക്കഴിഞ്ഞാല്‍ സതീശനും വേണുഗോപാലിനും ചുട്ടമറുപടി തന്നെ നല്‍കുമെന്നാണ് അദ്ദേഹം നല്കുന്ന സൂചന. നേതാക്കള്ക്കിടയിലുളള അവിശ്വാസവും, സംശയവും, അഭിപ്രായഭിന്നതയും കോണ്‍ഗ്രസിനെ പഴയ കലാപത്തിന്റെ നാളുകളിലേക്ക് തള്ളിവിടുമോ എന്ന ഭയം പാര്‍ട്ടി നേതാക്കള്‍ക്കെല്ലാമുണ്ട്. പ്രത്യേകിച്ച് സതീശനും സുധാകരനും ഒരു കോംപ്രമൈസിനും തയ്യാറാകാത്ത സാഹചര്യത്തില്‍. പഴയ കാലത്തുണ്ടായ രീതിയിലുള്ള ഗ്രൂപ്പ് പോര് ഇനി കോണ്‍ഗ്രസിനെ ഗ്രസിച്ചാല്‍ കേരളത്തില്‍ ആ പാര്‍ട്ടിയുടെ അതിജീവനം അസാധ്യമാകും എന്നകാര്യത്തില്‍ സംശയവുമില്ല .