തൃശൂര്‍ : വടക്കേക്കാട് ദമ്പതികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ചെറുമകന് അക്മല്‍(മുന്ന) കുറ്റം സമ്മതിച്ചെന്ന് പോലീസ്. കൊല്ലപ്പെട്ട ജമീലയുടേതെന്ന് കരുതുന്ന ആഭരണങ്ങള്‍ പ്രതിയുടെ കൈയില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. ലഹരിക്ക് വേണ്ടി പണം ആവശ്യപ്പെട്ടിട്ട് ഇവര്‍ നല്‍കാതിരുന്നതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി പോലീസിന് മൊഴി നല്കി. ദമ്പതികളെ ഇവരുടെ മറ്റൊരു മകന് അയാളുടെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചതും പ്രകോപനത്തിന് കാരണമായെന്നാണ് മൊഴി. എന്നാല്‍ ഇയാളുടെ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. വടക്കേക്കാട് സ്വദേശി അബ്ദുള്ളക്കുട്ടി (65), ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ജമീലയുടെ കഴുത്ത് അറുത്ത നിലയിലായിരുന്നു. തിങ്കളാഴ്ച രാവിലെ ഇവരുടെ മറ്റൊരു മകന് നൗഷാദ് വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.