തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ ഡിജിപി ദര്‍വേഷ് സാഹിബ് നേരിട്ട് അന്വേഷിക്കും. ഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് ഉത്തരവിറങ്ങി. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റാതെയാണ് അന്വേഷണം നടക്കുക. എഡിജിപിക്കെതിരെ പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിലാണ് മുഖ്യമന്ത്രി അന്വേഷണത്തിനായി ഉത്തരവിട്ടത്.
ഡിജിപിയെ കൂടാതെ നാല് അംഗങ്ങളാണ് ഉള്ളത്. ഐജി സ്പര്‍ജന്‍ കുമാര്‍, ഡിഐജി തോംസണ്‍, ക്രൈംബ്രാഞ്ച് എസ്പി മദുസൂധനന്‍, എസ്പി ഷാനവാസ് അടങ്ങിയ സംഘത്തെയാണ് രൂപീകരിച്ചത്. അന്വേഷണ സംഘം ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയത്.
കേരള പൊലീസ് അസോസിയേഷന് സംസ്ഥാന സമ്മേളന വേദിയില്‍ എഡിജിപിയെ കൂടി വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഏതു കാര്യവും അതിന്റെ ശരിയായ മെറിറ്റില്‍ പരിശോധിക്കുന്ന നിലയാണ് സര്‍ക്കാരിനുള്ളത്. ഇക്കാര്യത്തില്‍ ഒരു മുന്‍വിധിയും സര്‍ക്കാരിനില്ല. ചില പ്രശ്നങ്ങള്‍ പൊതു സമൂഹത്തിന് മുന്നില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. അത് അതിന്റേതായ ഗൗരവം നിലനിര്‍ത്തിക്കൊണ്ടു തന്നെ അന്വേഷിക്കും. ഏറ്റവും ഉന്നതനായ പൊലീസ് ഉദ്യോഗസ്ഥന് തന്നെ അന്വേഷിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു
തിരുവനന്തപുരത്ത് എം ആര് അജിത് കുമാര്‍ സ്ഥലം വാങ്ങി കൊട്ടാര സദൃശ്യമായ വീട് പണിയുന്നതായും സോളാര്‍ കേസ് അന്വേഷണം അട്ടിമറിച്ചതിലും എഡിജിപി എംആര്‍ അജിത് കുമാറിന് പങ്കുണ്ടെന്ന് അന്‍വര്‍ ആരോപിച്ചു. സോളാര്‍ കേസുമായി ബന്ധപ്പെട്ട ഫോണ്‍ സന്ദേശവും അദ്ദേഹം പുറത്തുവിട്ടിരുന്നു. കേസ് അന്വേഷിച്ച സംഘത്തില്‍ ഉണ്ടായിരുന്നത് എന്ന് കരുതുന്ന ഒരു ഉദ്യോഗസ്ഥന്റെ ഫോണ്‍ സന്ദേശമാണ് അന്‍വര്‍ പുറത്തുവിട്ടത്. സോളാര്‍ കേസ് അന്വേഷണം അട്ടിമറിച്ചതില്‍ എഡിജിപി എം ആര് അജിത് കുമാറിന് പങ്കുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥന് തന്നോട് പറഞ്ഞതായുള്ള ഫോണ്‍ സന്ദേശമാണ് പുറത്തുവിടുന്നതെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.