തിരുവനന്തപുരം: മൂല്യവർധിത ഉല്പന്നങ്ങളിലൂടെ കാർഷിക മേഖലക്ക് കരുത്തുപകരുന്നതിനായി സിയാൽ മാതൃകയിൽ സംസ്ഥാന സർക്കാർ കർഷകർക്ക് പങ്കാളിത്തത്തോടെയുള്ള കാപ്കോ കമ്പനിക്ക് രൂപം കൊടുക്കുന്നു. 2013ലെ കമ്പനി നിയമ പ്രകാരമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള (സിയാൽ) മാതൃകയിൽ കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ) രൂപീകരിക്കുന്നത് . കൃഷി വകുപ്പാണ് ദീർഘവീക്ഷണമുള്ള ഈ പദ്ധതിക്ക് പിന്നിൽ.
കാബ്കോയുടെ വരവോടെ മൂല്യ വർധിത വിപണനത്തിന്റെ ഏകോപനം, അഗ്രി പാർക്ക്, ഫ്രൂട്ട് പാർക്ക് എന്നിവയുടെ ഏകോപനം, നിർമ്മാണം എന്നിവ കമ്പനിയുടെ കീഴിലാകും. തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന കാബ്കോ സർക്കാർ, കർഷകർ, കർഷക സംഘങ്ങൾ എന്നിവരുടെ ഓഹരി വിഹിതത്തിലൂടെ പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് (PPP) രീതിയിലായിരിക്കും പ്രവർത്തിക്കുക. സംസ്ഥാന സർക്കാരിന് 33 ശതമാനം, കച്ചവടക്കാർക്ക് 24 ശതമാനം, കർഷക കൂട്ടായ്മകൾക്ക് 25 ശതമാനം, പൊതു ഓഹരി വിപണിയിൽ നിന്ന് 13 ശതമാനത്തിൽ അധികരിക്കാത്ത ഓഹരി വിഹിതം ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് അഞ്ച് ശതമാനം ഓഹരിവിഹിതം എന്നിങ്ങനെയാണ് നിക്ഷേപ പങ്കാളിത്തം. കൂടുതൽ മൂലധനം ആവശ്യമായി വരുമ്പോൾ അത് മറ്റ് ഓഹരി ഉടമകളിൽ നിന്നും സമാഹരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
കൃഷി വകുപ്പ് മന്ത്രി ചെയർമാനും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കൃഷി വകുപ്പ് ഡയറക്ടർ, ധനകാര്യ വകുപ്പിൻറെ പ്രതിനിധി, കേരള അഗ്രോ ഇന്റസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എന്നിവർ പ്രാരംഭ ഡയറക്ടർമാരാകും. 10 കോടി രൂപയുടെ മൂലധനത്തിൽ സർക്കാരിന്റെ പങ്കാളിത്തം 3.3 കോടി രൂപയായി പരിമിതപ്പെടുത്തും. സർക്കാരിന്റെ ഇക്വിറ്റി വിഹിതമായി ആവശ്യമായ ഭൂമി കമ്പനിക്ക് കൈമാറാനാണ് കൃഷി വകുപ്പ് ആലോചിക്കുന്നത്.
കേരളത്തിൻറെ കാർഷിക ഉത്പ്പന്നങ്ങളുടെ ഗുണമേന്മകൾ പ്രചാരത്തിലാകുന്ന തരത്തിൽ പൊതു ബ്രാൻഡിങ്ങും കമ്പനിയുടെ ലക്ഷ്യമാണ്. കാബ്കോ കമ്പനിക്കായി മൂന്ന് നഗര കാർഷിക വിപണികളും മൂന്ന് ഗ്രാമീണ കാർഷിക വ്യാപാര വിപണികളും കണ്ണാറ, കൂത്താളി അഗ്രിപാർക്കുകളും 30 വർഷത്തേക്ക് കൃഷിവകുപ്പ് കമ്പനിയുടെ ബിസിനസ് ആവശ്യത്തിന് കൈമാറ്റം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമെന്നാണ് കൃഷിവകുപ്പ് നൽകുന്ന വിവരം.
കമ്പനിയുടെ പ്രവർത്തനങ്ങൾ : യന്ത്രസാമഗ്രികളുടെ സംഭരണത്തിനും സ്ഥാപനത്തിനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി കാബ്കോ മധ്യസ്ഥം വഹിക്കും. സംസ്ഥാനങ്ങളിൽ വിവിധയിടങ്ങളിൽ വിതരണകേന്ദ്രം ഉണ്ടാകും. അതിലൂടെ കർഷകരുടെ ഉത്പന്നം ശേഖരിക്കും.മാർക്കറ്റ് അടിസ്ഥാനമാക്കിയ മത്സരാധിഷ്ഠിത വില നിർണയ തന്ത്രം നടപ്പിലാക്കും. കർഷകരിൽ നിന്ന് കാർഷിക ഉത്പന്നങ്ങൾ ശേഖരിക്കുകയും അഗ്രോ പാർക്കുകളിലേക്ക് അയക്കുകയും ചെയ്യും.