തിരുവനന്തപുരം: സ്വപ്ന പദ്ധതിയായ കെ റെയിലിനൊപ്പം മെട്രോമാന് ഇ ശ്രീധരനെ നിര്‍ത്താന്‍ സര്‍ക്കാര്‍ നീക്കം. കെ റെയില്‍ അടക്കമുള്ള റെയില്‍വേ പദ്ധതികള്‍ക്ക് സഹായം തേടി ഇ ശ്രീധരനുമായി സര്‍ക്കാര്‍ പ്രതിനിധി കെ വി തോമസ് ഇന്ന് കൂടിക്കാഴ്ച നടത്തും. വന്ദേഭാരത് വന്നതിന് ശേഷം ഹൈ സ്പീഡ് റെയില്‍വേ കേരളത്തിന് വേണമെന്ന് ഇ ശ്രീധരന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ വി തോമസ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് ശ്രീധരനുമായി കൂടിക്കാഴ്ച നടത്തുന്നതെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ പങ്കെടുത്ത് കെ വി തോമസ് പറഞ്ഞു. ഒരുകാലത്ത് കെ റെയിലിനെതിരെയായിരുന്ന ഇ ശ്രീധരൻ, അടുത്തിടെയാണ് കേരളത്തിന് ഹൈ സ്പീഡ് റെയിൽ വേണമെന്ന നിലപാട് സ്വീകരിച്ചതെന്നും കെ വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ വന്ദേഭാരത് ഉള്‍പ്പെടെ സെമി ഹൈ സ്പീഡ് ട്രെയിനുകളാണ് ഓടുന്നത്. കേരളത്തിന്റെ സാഹചര്യത്തില്‍ ഏതാണ് ഫലപ്രദമെന്ന് അദ്ദേഹത്തിന്റെ അഭിപ്രായം അറിയാനാണ് കൂടിക്കാഴ്ചയെന്നും കെ വി തോമസ് പറഞ്ഞു.
വന്ദേഭാരത് വന്നതിന് ശേഷം അദ്ദേഹം തന്നെയാണ് പറഞ്ഞത് ഹൈ സ്പീഡ് റെയിൽ വേണമെന്ന്. ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ നിലപാട് അറിയാനാണ് കൂടിക്കാഴ്ച. ഹൈ സ്പീഡ് സിസ്റ്റത്തോട് അദ്ദേഹത്തിന് എതിര്‍പ്പില്ല എന്നാണ് അറിയുന്നത്. നിലവില്‍ കെ റെയില്‍ സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്നും കെ വി തോമസ് വ്യക്തമാക്കി.പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കെ വി തോമസ് പറഞ്ഞു.