കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണം സിബിഐക്ക് വിട്ട് സർക്കാർ ഉത്തരവിറക്കി. അന്വേഷണം സിബിഐക്ക് വിടാൻ രണ്ടാഴ്ച മുമ്പ് സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ വിജ്ഞാപനം പുറത്തിറങ്ങിയിരുന്നില്ല.
സിബിഐ അന്വേഷണത്തിൽ വിജ്ഞാപനമിറക്കാത്തത് വിവാദമായിരുന്നു. സിബിഐ അന്വേഷണം വൈകുന്നതിലുള്ള ആശങ്കഅറിയിച്ച് സിദ്ധാർഥന്റെ പിതാവ് ജയപ്രകാശ് ഗവർണറെ സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ ഇക്കാര്യം ആവശ്യപ്പെട്ട് കുത്തിയിരിക്കുമെന്ന് സിദ്ധാർഥന്റെ അച്ഛൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരവ് ഇറങ്ങിയത്. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികളെ ഇന്നലെ വിസി തിരിച്ചെടുത്തിരുന്നു.അതിനിടെ വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ചത് റദ്ദാക്കാൻ ഗവർണർ വിസിയോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ വിസി ഡോ.പി.സി.ശശീന്ദ്രൻ രാജിവച്ചു. വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ചതിൽ ഗവർണർ വിസിയോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.