തിരുവനന്തപുരം : ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്കായി ഭൂമിയേറ്റെടുക്കാൻ സർക്കാർ അനുമതി. എരുമേലി സൗത്ത്, മണിമല എന്നീ വില്ലേജുകളിലെ 2570 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുക. സാമൂഹികാഘാത പഠനത്തിന്റെയും ജില്ലാ കളക്ടറുടെ റിപോർട്ടിന്റെയും അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കുന്നത്.
റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ നെൽവയൽ ഉണ്ടെങ്കിൽ ചട്ടങ്ങൾക്ക് അനുസരിച്ച് മാത്രമേ പരിവർത്തനം ചെയ്യാൻ പാടുള്ളൂവെന്നും സർക്കാർ നിർദേശമുണ്ട്. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോകാൻ ശുപാർശ ചെയ്തിരുന്നു. വിമാനത്താവളത്തിന് അനുയോജ്യമായ സ്ഥലമാണ് പദ്ധതി പ്രദേശം എന്ന കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്ഥിരീകരണം സമിതി അംഗീകരിച്ചു.
വിമാനത്താവള റണ്‍വേ എരുമേലി ഗ്രാമപ്പഞ്ചായത്തിലെ ഒഴക്കനാട്, മണിമല പഞ്ചായത്തിലെ ചാരുവേലി പ്രദേശങ്ങള്‍ ബന്ധിപ്പിച്ച് നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. റണ്‍വേയുടെ കിഴക്കുദിശ എരുമേലി ടൗണിനുസമീപം ഓരുങ്കല്‍ക്കടവും പടിഞ്ഞാറ് മണിമല പഞ്ചായത്തിലെ ചാരുവേലിയുമായിരിക്കും. ഹാരിസൺ മലയാളം കമ്പനി, ബിലീവേഴ്സ് ചർച്ചിന് വിറ്റ ചെറുവള്ളി എസ്റ്റേറ്റിലാണ് വിമാനത്താവളം നിർമിക്കുന്നത്. ഉടമസ്ഥാവകാശം ചോദ്യം ചെയ്ത് സർക്കാർ സിവിൽ കേസ് നൽകിയിട്ടുള്ളതിനാൽ ബിലീവേഴ്സ് ചർച്ചിന് പണം നൽകില്ല. കേസ് അവസാനിക്കുമ്പോൾ കോടതിയിൽ പണം കെട്ടിവെക്കാനാണ് തീരുമാനം.