തിരുവനന്തപുരം: വന്യജീവി ആക്രമണത്തില്‍ ഇടുക്കിയില്‍ ശനിയാഴ്ച സര്‍വകക്ഷി യോഗം ചേരും. കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരാന്‍ വനംമന്ത്രി എകെ ശശീന്ദ്രന് നിര്‍ദേശം നല്കി. സര്‍ക്കാര്‍ മരണപ്പെട്ട ആളുടെ കുടുംബത്തിനൊപ്പമാണ്. കഴിയുന്നത്ര സഹായം ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും വനംമന്ത്രി പറഞ്ഞു.
വയനാട്ടിലേതിന് സമാനമായി സുരക്ഷാ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് സര്‍ക്കാരിന്റെ നിലപാട്. 1972 ല്‍ പാസ്സാക്കിയ വന്യജീവി സംരക്ഷണത്തില്‍ കാലോചിതമായ മാറ്റം വരുത്തണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. ഈ ആവശ്യം സര്‍ക്കാര്‍ കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിന് മുമ്പാകെ ഉന്നയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ മന്ത്രി റോഷി അഗസ്റ്റിനും പി രാജീവും വിളിച്ച് ചര്‍ച്ച നടത്തിയിരുന്നു. കോതമംഗലം എംഎല്‍എ ആന്റണി ജോണും സ്ഥലത്തുണ്ട്. എന്നാല്‍ ഒരു എംപിയുടേയും എംഎല്‍എയുടേയും നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ നടത്തുകയാണ്. രാഷ്ട്രീയമുതലെടുപ്പിനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും വനംമന്ത്രി പറഞ്ഞു.
അതിനിടെ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ”ഇതിൽ അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ കൈമാറും. ജനപ്രതിനിധികൾ അടക്കം മോർച്ചറിയിൽ കയറി മൃതദേഹം ബലമായി എടുത്ത് കൊണ്ടുപോയി എന്നത് ഗൗരവ വിഷയമാണ്. ഇത് തെറ്റായ സന്ദേശം നൽകും. ജനപ്രതിനിധികൾ നിയമവ്യവസ്ഥയെ മാനിക്കണമെന്നും പി രാജീവ് പറഞ്ഞു.
നേര്യമംഗലത്ത് കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ മരിച്ച സംഭവത്തില്‍ കോതമംഗലത്ത് പ്രതിഷേധം നടന്നു. വന്യമൃഗശല്യത്തിന് സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു വീട്ടമ്മയുടെ മൃതദേഹവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ചിനിടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. വന്യമൃഗ ശല്യത്തിന് പരിഹാരം കണ്ട ശേഷം മതി പോസ്റ്റ്മോര്‍ട്ടം എന്നതാണ് ഇന്ദിരയുടെ കുടുംബത്തിന്റെ നിലപാട്. ഇന്ന് രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ നേരൃമംഗലം കാഞ്ഞിരവേലിയില്‍ ഇന്ദിര രാമകൃഷ്ണന് മരിച്ചത്.